മെസി സ്‌പോണ്‍സര്‍ വിവാദം; മുന്‍ മന്ത്രി വി.അബ്ദുറഹ്‌മാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി

തിരുവനന്തപുരം: മെസ്സിയുടെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട് നടന്ന സാമ്പത്തിക ഇടപാടുകളിലും സ്‌പോണ്‍സര്‍ഷിപ്പ് കരാറുകളിലും വലിയ ക്രമക്കേട് നടന്ന സംഭവത്തില്‍ മുന്‍ മന്ത്രി വി. അബ്ദുറഹ്‌മാനെതിരെ കേസെടുക്കാന്‍ ഗവര്‍ണര്‍ അനുമതി നല്‍കി. അബ്ദുറഹിമാനെ പ്രതിചേര്‍ക്കാനുള്ള ഫയല്‍ ലോക്ഭവനില്‍ രണ്ടാഴ്ചയിലേറെയായി കെട്ടിക്കിടക്കുകയായിരുന്നു. സ്‌പോണ്‍സറായ റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനിക്ക് സാമ്പത്തിക ലാഭം നേടിക്കൊടുക്കാന്‍ അബ്ദുറഹിമാന്‍ ഔദ്യോഗിക പദവികള്‍ ദുരുപയോഗം ചെയ്ത് വഴിവിട്ട നീക്കങ്ങള്‍ നടത്തിയെന്നാണ് എഡിജിപി പി.വിജയന്റെ നേതൃത്വത്തിലുളള പ്രത്യേക അന്വേഷണസംഘം സര്‍ക്കാരിനു സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ പ്രധാന കണ്ടെത്തല്‍.
വി. അബ്ദുറഹ്‌മാന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന സത്യപാലന്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മുന്‍ പ്രസിഡന്റ് യു. ഷറഫലി എന്നിവരെ പ്രതിചേര്‍ക്കാന്‍ സര്‍ക്കാര്‍ ഇതിനോടകം അനുമതി നല്‍കിയിട്ടുണ്ട്. മെസ്സിയും അര്‍ജന്റീന ടീമും കേരളത്തില്‍ കളിക്കാന്‍ എത്തുമെന്ന് മുന്‍ കായിക മന്ത്രി വി. അബ്ദുറഹ്‌മാന്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പിന്നീട് സ്‌പോണ്‍സര്‍മാരുമായുള്ള തര്‍ക്കങ്ങളും സാങ്കേതിക കാരണങ്ങളും ചൂണ്ടിക്കാട്ടി സന്ദര്‍ശനം റദ്ദാക്കപ്പെട്ടു. തുടര്‍ന്ന് കരാര്‍ നല്‍കിയതിലും വിദേശയാത്രകളിലും സാമ്പത്തിക തട്ടിപ്പ് നടന്നതായി ആരോപണം ഉയരുകയായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page