അബൂബക്കര്‍ സിദ്ദീഖ് കൊലക്കേസ് പ്രതിക്കൊപ്പം ഗള്‍ഫില്‍ ജ്വല്ലറി ഉദ്ഘാടനത്തിന് സന്ദീപ് വാര്യറും എകെഎം അഷ്‌റഫും; പിടികിട്ടാപ്പുള്ളിക്കൊപ്പമുള്ള യുഡിഎഫ് നേതാക്കളുടെ ചിത്രങ്ങള്‍ പുറത്ത്

കാസര്‍കോട്: സംസ്ഥാന ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന അബൂബക്കര്‍ സിദ്ദീഖ് കൊലപാതക കേസിലെ പിടികിട്ടാപ്പുള്ളിക്കൊപ്പം ഗള്‍ഫില്‍ ജ്വല്ലറി ഉദ്ഘാടന ചടങ്ങില്‍ യുഡിഎഫ് നേതാക്കള്‍. പ്രതിക്കൊപ്പം യുഡിഎഫ് നേതാക്കള്‍ സൗഹൃദം പങ്കിടുന്ന ചിത്രങ്ങള്‍ പുറത്ത് വന്നതോടെ രാഷ്ട്രീയ രംഗത്ത് വിവാദം ഉയര്‍ന്നു. കാസര്‍കോട് മഞ്ചേശ്വരത്തെ അബൂബക്കര്‍ സിദ്ദീഖ് കൊലപാതക കേസിലെ പതിമൂന്നാം പ്രതിയാണ് പൈവളിഗെ അമ്പിക്കാന സ്വദേശി അഹമ്മദ് റയീസ്. ഇയാള്‍ക്കൊപ്പം എംഎല്‍എമാരായ സന്ദീപ് വാര്യര്‍, എ കെ എം അഷറഫ്, മുസ്ലിം ലീഗ് കാസര്‍കോട് ജില്ലാ പ്രസിഡന്റ് എന്‍എ നെല്ലിക്കുന്ന് എന്നിവര്‍ നില്‍ക്കുന്ന ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഗള്‍ഫില്‍ നടന്ന ഒരു ജ്വല്ലറി ഉദ്ഘാടന ചടങ്ങിലാണ് അഹമ്മദ് റയീസും യുഡിഎഫ് നേതാക്കളും പങ്കെടുത്തത്.

2022 ജൂണ്‍ 26നായിരുന്നു മുഗു റോഡിലെ അബൂബക്കര്‍ സിദ്ദീഖ് കൊലപാതകം നടന്നത്. ഗള്‍ഫില്‍ നിന്ന് വിളിച്ചുവരുത്തിയാണ് കൊലപാതകം നടത്തിയത്. മംഗളൂരു വിമാനത്താവളത്തില്‍ ഇറങ്ങിയ അബൂബക്കര്‍ സിദ്ദിഖിനെ തട്ടിക്കൊണ്ട് പോവുകയും പിന്നീട് പൈവളികെ നൂച്ചിയിലെ ഇരുനില വീട്ടിലും പിന്നീട് വീടിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പിലുമെത്തിച്ച് തലകീഴായി കെട്ടിത്തൂക്കി മാരകായുധങ്ങള്‍ ഉപയോഗിച്ച് ക്രൂരമായി ആക്രമിച്ചതായാണ് കേസ്. കൊലപാതകത്തിനുശേഷം മൃതദേഹം ബന്തിയോട്ടെ സ്വകാര്യ ആശുപത്രിയില്‍ ഉപേക്ഷിച്ച് പ്രതികള്‍ രക്ഷപ്പെടുകയായിരുന്നു. ഗള്‍ഫിലേക്ക് വിദേശ കറന്‍സി കടത്തിയതുമായി ബന്ധപ്പെട്ട പ്രശ്നത്തില്‍ ഉപ്പള സ്വദേശിക്ക് വേണ്ടി ക്വട്ടേഷന്‍ ഏറ്റെടുത്തായിരുന്നു കൊലപാതകം. മഞ്ചേശ്വരം പൊലീസ് അന്വേഷിച്ച കേസ് പിന്നീട് സംസ്ഥാന ക്രൈംബ്രാഞ്ചിനു വിടുകയായിരുന്നു. ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തില്‍ അബ്ദുള്‍ റയീസിനെ പ്രതി ചേര്‍ത്തിരുന്നു. ഇതോടെ പ്രതി വിദേശത്തേക്ക് കടന്നു. ഒളിവില്‍ കഴിയുന്ന ഈ പ്രതി നാല് വര്‍ഷത്തിന് ശേഷം യുഡിഎഫ് ജനപ്രതിനിധികള്‍ക്കും നേതാക്കള്‍ക്കും ഒപ്പം നില്‍ക്കുന്ന ചിത്രമാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്നത്. ഇത് കേസില്‍ നിര്‍ണായക വഴിത്തിരിവാകും. ഇനി ഇന്റര്‍പോളിന്റെ സഹായത്തോടെ ഗള്‍ഫ് കേന്ദ്രീകരിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിക്കുമെന്നാണ് വിവരം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
അബൂബക്കര്‍ സിദ്ദീഖ് കൊലക്കേസ് പ്രതിക്കൊപ്പം ഗള്‍ഫില്‍ ജ്വല്ലറി ഉദ്ഘാടനത്തിന് സന്ദീപ് വാര്യറും എകെഎം അഷ്‌റഫും; പിടികിട്ടാപ്പുള്ളിക്കൊപ്പമുള്ള യുഡിഎഫ് നേതാക്കളുടെ ചിത്രങ്ങള്‍ പുറത്ത്
Scroll to top

You cannot copy content of this page