കാസര്‍കോട്: സഹകരണ സ്ഥാപനങ്ങള്‍ക്ക് ദേശസാല്‍കൃത ബാങ്കുകളിലുള്ള അക്കൗണ്ടുകള്‍ വഴി അനധികൃതമായി പണമിടപാട് നടത്തിയെന്ന കേസുകളില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ഇതിന്റെ ഭാഗമായി പരാതിക്കാരായ സഹകരണ സംഘം ജീവനക്കാരില്‍ നിന്നു മൊഴിയെടുത്തു. കൂടുതല്‍ അന്വേഷണത്തിനായിഅക്കൗണ്ടുകളിലേക്ക് പണം അയച്ചവരെ തേടി പൊലീസ് ഉടന്‍ മലപ്പുറത്തേക്ക് പോകും. അനധികൃത പണമിടപാട് സംബന്ധിച്ച് ബേഡകം പൊലീസ് രജിസ്റ്റര്‍ ചെയ്ത ആറു കേസുകളിലും കുറ്റിക്കോല്‍, നെല്ലിത്താവിലെ പ്ലാവുള്ളക്കയയിലെ എന്‍. ഉണ്ണികൃഷ്ണനാണ് പ്രതി. മലപ്പുറത്തെ അന്വേഷണത്തിന് ശേഷം ഇയാളുടെ മൊഴിയെടുക്കാനാണ് പൊലീസിന്റെ നീക്കം.
വിവിധ സഹകരണ സംഘങ്ങളില്‍ അംഗമാണ് പ്ലാവുള്ളക്കയ സ്വദേശിയായ ഉണ്ണികൃഷ്ണന്. ഈ സഹകരണ സ്ഥാപനങ്ങളുടെ പേരിൽ ദേശസാല്‍കൃത ബാങ്കുകളിലുള്ള അക്കൗണ്ടുകൾ വഴിയാണ് അജ്ഞാത കേന്ദ്രങ്ങളില്‍ നിന്നു ഉണ്ണികൃഷ്ണനു അരക്കോടിയോളം രൂപ അയച്ചത്. അക്കൗണ്ടുകളില്‍ പണം എത്തിയ ഉടന്‍ തന്നെ ഉണ്ണികൃഷ്ണന് സഹകരണ സ്ഥാപനങ്ങളിലെത്തി പണം പിന്‍വലിക്കുകയായിരുന്നു. എന്നാല്‍ പണമിടപാടുകളില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് പണം എത്തിയ അക്കൗണ്ടുകള്‍ ലീന്‍ (തടസ്സപ്പെടുത്തല്‍) ചെയ്തിരുന്നു. ഇതോടെയാണ് അക്കൗണ്ട് ഉടമകളായ സഹകരണ സംഘം അധികൃതര്‍ ബേഡകം പൊലീസില്‍ പരാതി നല്കിയതും കേസെടുത്തതും.







