കൊല്ലം: പരിപ്പുവടയ്ക്ക് ഉപ്പുകുറഞ്ഞതിന്റെ പേരില്‍ തട്ടുകട അടിച്ചുതകര്‍ത്തു. ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെ കുണ്ടറയ്ക്കടുത്ത് പെരുമ്പുഴയിലെ തട്ടുകടയില്‍ ആണ് അതിക്രമം നടന്നത്. പെരുമ്പുഴയിലെ ‘ടീ മെറ്റ്’ എന്ന കടയില്‍ ചായ കുടിക്കാനെത്തിയ കൊള്ളി നിയാസ്, സുഹൃത്ത് ജാക്‌സണ്‍ എന്നിവരാണ് അക്രമം നടത്തിയത്. ചായയും പരിപ്പുവടയും കഴിച്ച ശേഷം പരിപ്പുവടയ്ക്ക് ഉപ്പുകുറവാണ് എന്ന് പറഞ്ഞ് ജീവനക്കാരുമായി വാക്കേറ്റം നടത്തുകയായിരുന്നു. പിന്നാലെ കടയില്‍ ജോലി ചെയ്തിരുന്ന മോഹനനെ തല്ലുകയും അവിടെയുണ്ടായിരുന്ന എണ്ണ മോഹനന്റെ മേല്‍ ഒഴിക്കുകയും ചെയ്തു. തടയാന്‍ ചെന്ന നാട്ടുകാരടക്കമുള്ളവരെ അക്രമികള്‍ വടിവാള്‍ കാണിച്ച് ഭീഷണിപ്പെടുത്തി. പിന്തിരിപ്പിക്കാന്‍ നോക്കിയ കടയുടമ നാസിമിനെ നിയാസ് വടിവാള്‍ കൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ചു. കടയിലുണ്ടായിരുന്ന സാധങ്ങളെല്ലാം അടിച്ചുതകര്‍ത്തു. പിന്നീട് സംഘം സ്ഥലം വിട്ടു. മോഹനനെയും നാസിമിനെയും നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. മോഹനന് വാരിയെല്ലിന് സാരമായ പരിക്കുണ്ട്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ് നിയാസും ജാക്‌സണും എന്നാണ് വിവരം. കടയുടമയും ജീവനക്കാരും കൊട്ടിയം പൊലീസില്‍ നല്‍കിയ പരാതിയില്‍ കേസെടുത്ത് പ്രതികള്‍ക്കായുള്ള തിരച്ചില്‍ തുടങ്ങി.








