തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അര്‍ധരാത്രി മുതല്‍ നടത്താനിരുന്ന 24 മണിക്കൂര്‍ ഓട്ടോ-ടാക്‌സി പണിമുടക്ക് പിന്‍വലിച്ചു. ഗതാഗതമന്ത്രി സി.പി. ജോണുമായി സംയുക്ത ട്രേഡ് യൂണിയന്‍ നേതാക്കള്‍ നടത്തിയ ചര്‍ച്ചയിലാണ് സമരം ഒത്തുതീര്‍പ്പായത്. യാത്രാനിരക്കുകള്‍ വര്‍ധിപ്പിക്കാന്‍ സര്‍ക്കാരുമായി ധാരണയായി. 2027 ജനുവരി 1 മുതല്‍ പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരും. നിരക്ക് എത്ര രൂപ വര്‍ധിപ്പിക്കണം എന്ന് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പ്രത്യേക കമ്മീഷനെ നിയോഗിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഓട്ടോറിക്ഷയുടെ മിനിമം ചാര്‍ജ് 30 രൂപയില്‍ നിന്ന് 50 രൂപയായും, ടാക്‌സിയുടേത് 250 രൂപയില്‍ നിന്ന് 300 രൂപയായും ഉയര്‍ത്തണമെന്നാണ് യൂണിയനുകളുടെ ആവശ്യം.








