കാസര്‍കോട്: ഉള്ളി വില വര്‍ധനവില്‍ കരയുന്ന ജനങ്ങളുടെ കണ്ണീരൊപ്പാന്‍ സര്‍ക്കാര്‍ എത്തിയതോടെ കൃഷിഭവന്‍ ഡിപ്പോകള്‍ കരച്ചിടക്കാന്‍ കഴിയാത്ത തരത്തിലായെന്നു പരാതി ഉയരുന്നു.
ഒടുവില്‍ ഈ കൂട്ടക്കരച്ചിലിന്റെ കെടുതി സര്‍ക്കാര്‍ ഏറ്റുവാങ്ങേണ്ടിവന്നേക്കുമെന്നു കൃഷിഭവനുകള്‍ പറയുന്നു. ആത്യന്തികമായി അതു ജനങ്ങളുടെ കണ്ണിനു കണ്ണീരൊഴുക്കു നിറുത്താനാവാത്ത സ്ഥിതിയാണുണ്ടാക്കുകയെന്നു സര്‍ക്കാരിന്റെ ഭാഗമായ കൃഷി ഭവനുകള്‍ കൂട്ടിച്ചേര്‍ത്തു.
ഉള്ളി വില കൊടുമ്പിരികൊണ്ട സാഹചര്യത്തില്‍ ജനങ്ങളെ സഹായിക്കാന്‍ സര്‍ക്കാരിന്റെ ഹോര്‍ട്ടികോര്‍പ്പ് ഏര്‍പ്പെടുത്തിയ വിലകുറച്ചുള്ള ഉള്ളിക്കച്ചവടമാണ് തൊട്ടവനെയും പിടിച്ചവനെയും കണ്ടു നിന്നവനെയുമൊക്കെ കണ്ണീര്‍ കുടിപ്പിക്കുന്നത്.
ഉള്ളി കിലോക്ക് 70വും അധിലധികവുമായപ്പോള്‍ കണ്ണൂരിലെ ഹോര്‍ട്ടി കോര്‍പ്പുകാര്‍ ഉള്ളിവാങ്ങിക്കൊണ്ടുവന്നു കൃഷിഭവനുകളിലൂടെ വില കുറച്ചു വില്‍ക്കുകയായിരുന്നു. ഇത്തരത്തില്‍ ആദ്യം വാങ്ങി കൃഷിഭവനുകളില്‍ വില്‍പ്പനക്കു വച്ച് ഉള്ളി ചൂടപ്പം പോലെ അപ്പോള്‍ത്തന്നെ വിറ്റു തീര്‍ന്നു. കച്ചവടത്തിലെ സ്വീകാര്യതയും ജീവനക്കാരുടെ കച്ചവട താല്‍പ്പര്യവും കണ്ട് സന്തുഷ്ടരായ ഹോര്‍ട്ടി കോര്‍പ്പ് പിന്നീട് കൂടുതല്‍ ഉള്ളി കൃഷി ഭവനുകളിലെത്തിച്ചു. അതവിടെക്കിടന്നു ചീഞ്ഞ് നാറിയ ഗന്ധം പരിസരത്താകെ വ്യാപിപ്പിക്കുന്നത്രെ. ആ ഗന്ധം തട്ടുമ്പോള്‍ കണ്ണു നിറഞ്ഞൊഴുകുകയാണെന്നു ജീവനക്കാര്‍ പറയുന്നു. അതോടെ നാട്ടുകാര്‍ ഉള്ളികാണുമ്പോള്‍ കൃഷി ഭവനുകളുടെ പരിസരത്തൊന്നും വരാതെ മാറി നടക്കുന്ന സ്ഥിതിയും ഉണ്ടായെന്ന് പരാതിയുണ്ട്.
ഉള്ളിക്കു വലിയ വിലയായിരുന്നപ്പോള്‍ ഹോര്‍ട്ടി കോര്‍പ് 40 കിലോയുടെ നാലു ഉള്ളിച്ചാക്കുകള്‍ വീതം കൃഷി ഭവനിലെത്തുക്കുകയും ഒരു കിലോക്കു 35 രൂപ വിലക്കു കച്ചവടം ചെയ്യുകയുമായിരുന്നു. ആദ്യമിറക്കിയ ഉള്ളി പെട്ടെന്നു തീര്‍ന്നതറിഞ്ഞു ഹോര്‍ട്ടി കോര്‍പ്പുകാര്‍ പിന്നീട് 50 കിലോയുടെ 6 ഉള്ളിച്ചാക്ക് വീതം ഓരോ കൃഷിഭവനിലും ഇറക്കി. ഓരോ കിലോക്കും 32 രൂപ കണക്കില്‍ കൃഷി ഭവനുകള്‍ ഹോര്‍ട്ടി കോര്‍പ്പിനു കൊടുക്കണം. കൃഷി ഭവനുകള്‍ അതു 35 രൂപക്കു വില്‍ക്കണം.

എന്നാല്‍ രണ്ടാമതു കൂടുതല്‍ സ്റ്റോക്കെത്തിയെന്നറിഞ്ഞു ആളുകള്‍ പാഞ്ഞെത്തിയെങ്കിലും മൂക്കില്‍ കൈവച്ചു മടങ്ങുകയായിരുന്നുവത്രെ. ഉള്ളി മോശമാണെന്നായിരുന്നു പരാതി. മാത്രമല്ല, അതിനെക്കാള്‍ മെച്ചമായ ഉള്ളി ഒരു കിലോക്കു 30 രൂപക്കും രണ്ടു കിലോക്ക് 50 രൂപക്കും തെരുവോര കച്ചവടക്കാര്‍ വില്‍ക്കുന്നുണ്ടെന്നും അവര്‍ പറയുന്നു.
കേടാകാന്‍ തുടങ്ങിയ സര്‍ക്കാര്‍ ഉള്ളി കൃഷി ഭവന്‍കാര്‍ ഇപ്പോള്‍ വെയിലത്തിട്ട് ഉണക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഉണങ്ങുന്ന ലക്ഷണമില്ലെന്ന് ജീവനക്കാര്‍ പറയുന്നു. നാറ്റത്തിനും കുറവില്ലത്രെ. പാണ്ടിമണിയന്‍ ചത്താലും വിന ഇരുന്നാലും വിന എന്ന അവസ്ഥയിലായിരിക്കുകയാണ് തങ്ങളെന്നു കൃഷിഭവന്‍ ജീവനക്കാര്‍ പറയുന്നു.
ഇനി ഹോര്‍ട്ടികോര്‍പ്പുകാര്‍ ഇതിന്റെ വിലക്കു വരുമ്പോള്‍ കര്‍ഷകര്‍ക്കു സഹായം നല്‍കാന്‍ സര്‍ക്കാര്‍ ഏല്‍പ്പിച്ചിട്ടുള്ള പണം ഹോര്‍ട്ടികോര്‍പ്പുകാര്‍ക്കു കൊടുക്കേണ്ടി വരുമെന്നു ജീവനക്കാര്‍ പറയുന്നു. അത് കാരണം കര്‍ഷകര്‍ക്ക് ആനുകൂല്യം നല്‍കാന്‍ കഴിയാതെ വരും. അപ്പോള്‍ കര്‍ഷകര്‍ക്കു കണ്ണീരൊഴുക്കേണ്ടി വരും. ഒടുവില്‍ ഉള്ളിക്കച്ചവടം മൂലമാണ് കര്‍ഷകരെ സഹായിക്കാന്‍ കഴിയാതെ വന്നതെന്ന് സര്‍ക്കാരിനെയും അറിയിക്കേണ്ടി വരും. കടത്തില്‍ മുങ്ങിക്കൊണ്ടിരിക്കുന്ന സര്‍ക്കാര്‍ ആ കടത്തിന്റെ കൂടെ ഇതു കൂടി എഴുതിച്ചേര്‍ക്കും. ഈ നഷ്ടമാവുന്ന പണം കൊണ്ട് പ്രയോജനം ലഭിക്കേണ്ടിയിരുന്ന കര്‍ഷകരും നാട്ടുകാരും ജീവിതം തന്നെ കരഞ്ഞുതീര്‍ക്കാന്‍ ഇതവസരമുണ്ടാക്കുമെന്നും എല്ലാം അനുഭവിച്ചു തീര്‍ക്കട്ടെയെന്നും ജീവനക്കാര്‍ ദീര്‍ഘശ്വാസം വിടുന്നു.







