കുറ്റിക്കോല്‍ പഞ്ചായത്തില്‍ ആശാവര്‍ക്കര്‍ നിയമനത്തില്‍ വ്യാപകക്രമക്കേടും ബന്ധു നിയമനവുമെന്നാരോപണം; ഉദ്യോഗാര്‍ഥികള്‍ കളക്ടര്‍ക്ക് പരാതി നല്‍കി

കുറ്റിക്കോല്‍: പഞ്ചായത്തിലെ രണ്ടു വാര്‍ഡുകളിലെ ആശാവര്‍ക്കര്‍ നിയമനവുമായി ബന്ധപ്പെട്ട് വ്യാപക ക്രമക്കേടുകളും സ്വജനപക്ഷപാതവും നടന്നതായി ആരോപണം. നിയമന നടപടികളിലെ അപാകതകള്‍ ചൂണ്ടിക്കാട്ടി ഇന്റര്‍വ്യൂവില്‍ പങ്കെടുത്ത ഉദ്യോഗാര്‍ഥികള്‍ ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയിരിക്കുകയാണ്. നിയമന ഉത്തരവ് റദ്ദാക്കണമെന്നാണ് പരാതിക്കാരുടെ ആവശ്യം. സി.പി.എം പാര്‍ട്ടി ഓഫീസില്‍ തയ്യാറാക്കിയതെന്ന് ആരോപിക്കപ്പെടുന്ന ഒരേ കൈയക്ഷരത്തിലുള്ള മാര്‍ക്ക് പട്ടികയുടെ അടിസ്ഥാനത്തിലാണ് നിയമനം നടത്തിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ മൂന്നാം വാര്‍ഡിലും പതിനാലാം വാര്‍ഡിലും ഉദ്യോഗാര്‍ഥികള്‍ക്ക് ജോലി ലഭിച്ചെന്ന് പരാതിയില്‍ പറയുന്നു.
പത്താം ക്ലാസ് തുല്യതാ പരീക്ഷ പാസായവരെ നിയമനത്തിന് പരിഗണിച്ചപ്പോള്‍, പ്രീഡിഗ്രിയും ബിരുദാനന്തര ബിരുദവും പഠിച്ചവരും ആശാവര്‍ക്കര്‍ പരിശീലന കോഴ്സ് പൂര്‍ത്തിയാക്കിയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയവരും പിന്തള്ളപ്പെട്ടു. കൂടാതെ, വിധവകള്‍ക്കും പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും അര്‍ഹതാ മാനദണ്ഡപ്രകാരം ലഭിക്കേണ്ട മുന്‍ഗണന പരിഗണിച്ചില്ല. മൂല്യനിര്‍ണ്ണയ ഷീറ്റില്‍ മെഡിക്കല്‍ ഓഫീസറും ആരോഗ്യവകുപ്പിലെ മറ്റ് ജീവനക്കാരുടെയും മാര്‍ക്കുകള്‍ തിരുത്തി ക്രമക്കേട് നടത്തിയെന്നും ആരോപണമുണ്ട്.
കഴിഞ്ഞ സെപ്റ്റംബര്‍ 7-ന് ചേര്‍ന്ന പഞ്ചായത്ത് ഭരണസമിതി യോഗത്തില്‍ നിയമനത്തിന് അംഗീകാരം നല്‍കുന്ന വിഷയം ചര്‍ച്ച ചെയ്തപ്പോള്‍ നടപടിക്രമങ്ങളിലെ ഗുരുതരമായ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി ആറ് ഭരണസമിതി അംഗങ്ങള്‍ വിയോജനക്കുറിപ്പ് രേഖപ്പെടുത്തിയിരുന്നു. സി.പി.എം ബ്രാഞ്ച് സെക്രട്ടറിക്കും മറ്റൊരു പാര്‍ട്ടി അംഗത്തിനുമാണ് നിയമനം നല്‍കിയത്. നാല് മാസം മുമ്പ് ഇതേ വ്യക്തികള്‍ക്ക് നല്‍കിയ ആശാവര്‍ക്കര്‍ നിയമനം പരാതിയുടെ അടിസ്ഥാനത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ റദ്ദാക്കിയിരുന്നു. പിന്നീട് നടന്ന നിയമനത്തിലും വ്യാപക ക്രമകേടും ബന്ധു നിയമനവുമാണ് നടന്നതെന്നു ഉദ്യോഗാര്‍ഥിയായ ചാടകത്തെ സുഗന്ധിയുടെ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. രണ്ടുപേരാണ് കളക്ടര്‍ക്ക് പരാതി നല്‍കിയത്. എസ്എംഎസ് ഡിവൈഎസ്പിയ്ക്കും ഉദ്യോഗാര്‍ഥികള്‍ പരാതി നല്‍കിയിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page