കാസര്‍കോട്: മയക്കുമരുന്നിനും മദ്യത്തിനുംഅടിമപ്പെട്ട മകനെ കൊണ്ടോ, ഭര്‍ത്താവിനെ കൊണ്ടോ,സഹോദരങ്ങളെ കൊണ്ടോ കണ്ണീരു കുടിക്കുന്നവരാണോ നിങ്ങള്‍? നിങ്ങള്‍ക്ക് താങ്ങും തണലും കരുതലും ആശ്വാസവുമായി കാസര്‍കോട് ജില്ലാ പൊലീസ് പുതിയ പദ്ധതിയുമായി രംഗത്ത്. ജില്ലയിലെ ആറോളം സ്വകാര്യ ആശുപത്രികളുടെ സഹായത്തോടെയാണ് തൂഫാന്‍ പദ്ധതിയുടെ ഭാഗമായി പുതിയ പദ്ധതി നടപ്പിലാക്കുന്നത്.
ലഹരിക്ക് അടിമപ്പെട്ട് ജീവിതത്തിന്റെ താളം തെറ്റിയവരെ സ്വകാര്യ ആശുപത്രികളില്‍ സൗജന്യമായി പ്രാഥമിക ചികിത്സയും ബോധവല്‍ക്കരണവും നല്‍കി ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടു വരികയാണ് ജില്ലാ നാര്‍ക്കോട്ടിക് സെല്ലിന്റെ സഹായത്തോടെയുള്ള പദ്ധതി ലക്ഷ്യമിടുന്നത്. ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന പദ്ധതിയുടെ പ്രാഥമിക ചര്‍ച്ചകള്‍ പൂര്‍ത്തിയായി. ആറോളം സ്വകാര്യ ആശുപത്രികള്‍ പദ്ധതിയുമായി സഹകരിക്കാമെന്ന് ബന്ധപ്പെട്ടവര്‍ക്കു ഉറപ്പു നല്‍കിയിട്ടുള്ളതായാണ് സൂചന. മയക്കുമരുന്നിനെതിരെ കേരള പൊലീസ് നടപ്പിലാക്കിയ ഓപ്പറേഷന്‍ തൂഫാന്‍ പദ്ധതിയുടെ തുടര്‍ച്ചയായാണ് ജില്ലാ പൊലീസ് പുതിയ പദ്ധതി തയ്യാറാക്കിയത്. പദ്ധതി നടപ്പിലാക്കുന്നതോടെ മയക്കുമരുന്നിനും മദ്യത്തിനും ഇരയായവരെ കൊണ്ട് ദുരിതജീവിതം നയിക്കുന്ന നിരവധി കുടുംബാംഗങ്ങള്‍ക്ക് ആശ്വാസമാകുമെന്നാണ് പൊതുവെയുള്ള പ്രതീക്ഷ.








