തിരുവനന്തപുരം : കെഎസ്ആർടിസി ബസ് സ്കൂട്ടറിൽ ഇടിച്ച് 15 വയസ്സുകാരിക്ക് ദാരുണാന്ത്യം. ഞായറാഴ്ച രാത്രിയിൽ ധനുവച്ചപുരത്താണ് അപകടം നടന്നത്. നെയ്യാറ്റിൻകര വ്ലാങ്ങാമുറി സ്വദേശിയും പത്താം ക്ലാസ് വിദ്യാർത്ഥിനിയുമായ അന്ന എന്ന പൂർണേന്ദു ആണ് മരിച്ചത്. പിതാവിനൊപ്പം സ്കൂട്ടറിൽ പോകവേയാണ് അപകടം. എതിർദിശയിൽ നിന്ന് വന്ന കെഎസ്ആർടിസി ബസ് സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ബസിനടിയിലേക്ക് തെറിച്ച് വീണ കുട്ടി സംഭവസ്ഥലത്തു തന്നെ മരിച്ചു. പിതാവ് അശോകനെ നിസ്സാര പരിക്കുകളോടെ നെയ്യാറ്റിൻകരയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് ബസ് ഡ്രൈവർ വാഹനത്തിൽ നിന്ന് ഇറങ്ങി ഓടി രക്ഷപ്പെട്ടു. ബസ് ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്ന് പ്രാഥമിക നിഗമനം. മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. നെയ്യാറ്റിൻകര ഗവൺമെന്റ് ഗേൾസ് ഹൈസ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ് പൂർണേന്ദു. ഓടിപ്പോയ ഡ്രൈവറെ കണ്ടെത്താൻ പാറശാല പൊലീസ് അന്വേഷണം ആരംഭിച്ചു. കണ്ടക്ടറെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തുവരികയാണ്.








