തിരുവനന്തപുരം: എത്തനോള്‍ ചേര്‍ത്ത പെട്രോളില്‍ അനുവദനീയമായതിനെക്കാള്‍ എത്തനോള്‍ പെട്രോള്‍ പമ്പുകള്‍ കലര്‍ത്തിയതായി കര്‍ണ്ണാടകയില്‍ കണ്ടെത്തിയതിനെ തുടര്‍ന്നു കേരളത്തിലും അന്വേഷണം ആരംഭിച്ചു.
കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂര്‍, എറണാകുളം ജില്ലകളിലെ ചില പമ്പുകളില്‍ നിന്നു വില്‍പ്പന നടത്തിക്കൊണ്ടിരിക്കുന്ന പെട്രോളിന്റെ സാമ്പിള്‍ സിവില്‍ സപ്ലൈസ് അധികൃതര്‍ എടുത്തു. ഇതിന്റെ പരിശോധനാഫലം 10 ദിവസത്തിനുള്ളില്‍ അറിയാനാവും.
20 ശതമാനം എത്തനോളാണ് പെട്രോളില്‍ കലര്‍ത്തി വില്‍ക്കാന്‍ അനുമതി നല്‍കിയിട്ടുള്ളത്. കര്‍ണ്ണാടകയില്‍ ഇതു 31 ശതമാനം വരെ ഉപയോഗിക്കുന്നതായി അധികൃതര്‍ കണ്ടെത്തിയിട്ടുണ്ട്. കേരളത്തില്‍ കോഴിക്കോട്ടെ അഞ്ചു പമ്പുകളില്‍ നിന്നും തിരുവനന്തപുരത്തെ പമ്പില്‍ നിന്നും കൊച്ചിയിലെ ആറു പമ്പുകളില്‍ നിന്നുമാണ് പെട്രോള്‍ സാമ്പിള്‍ എടുത്തത്. കണ്ണൂരിലെ പമ്പില്‍ നിന്നും സാമ്പിളെടുത്തു.
പരിശോധനയില്‍ പെട്രോളില്‍ അനുവദനീയമായ 20 ശതമാനത്തില്‍ കൂടുതല്‍ എത്തനോള്‍ ചേര്‍ത്തതായി കണ്ടെത്തിയാല്‍ പെട്രോള്‍ ഏജന്‍സി ക്യാന്‍സല്‍ ചെയ്യും. നിയമനടപടികളുമുണ്ടാവും.
20 ശതമാനത്തില്‍ കൂടുതല്‍ എത്തനോള്‍ പെട്രോളില്‍ കലര്‍ന്നാല്‍ സ്റ്റാര്‍ട്ടിംഗ് ട്രബിളും ഓട്ടത്തിനിടക്കു വാഹനം നില്‍ക്കുന്ന അനുഭവവും ഉണ്ടാവും. വാഹനത്തിന്റെ എഞ്ചിനും കേടുപാടുണ്ടാവും. പഴയ വാഹനങ്ങള്‍ക്കാണ് കൂടുതല്‍ അപകടമുണ്ടാവുക. പെട്രോള്‍ വാങ്ങുന്നവര്‍ പമ്പില്‍ നിന്നു അടിച്ച പെട്രോളിന്റെ ബില്‍ കൂടി വാങ്ങേണ്ടതാണ്. പരാതി കൊടുക്കേണ്ടിവന്നാല്‍ ബില്‍ അതിനു നിര്‍ബന്ധമാണ്.








