നോർത്ത് അമേരിക്കയിൽ മാർത്തോമ്മാ-സി.എസ്.ഐ-സി.എൻ.ഐ സഭകളുടെ ഐക്യ പ്രാർത്ഥനാ ദിനം ആചരിച്ചു


പി.പി. ചെറിയാൻ
ന്യൂയോർക്ക്/ ഡാളസ്:  :മലങ്കര  മാർത്തോമ്മാ  സഭയുടെ  ആഭിമുഖ്യത്തിൽ മാർത്തോമ്മാ, സി.എസ്.ഐ, സി.എൻ.ഐ സഭകൾ സംയുക്തമായി ആചരിക്കുന്ന ഐക്യ പ്രാർത്ഥനാ ദിനം നവംബർ 8-ന് നോർത്ത് അമേരിക്ക ഭദ്രാസനത്തിലെ ഇടവകകളിൽ ഭക്തിനിർഭരമായി ആചരിച്ചു.
ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത പുറപ്പെടുവിച്ച സർക്കുലറിന്റെ അടിസ്ഥാനത്തിലായിരുന്നു ഇടവകകളിൽ പ്രാർത്ഥനാ ദിനം സംഘടിപ്പിച്ചത്. “മനസ്സു പുതുക്കി രൂപാന്തരപ്പെടുവിൻ” (റോമർ 12:2) എന്ന തിരുവചനത്തെ ആസ്പദമാക്കിയായിരുന്നു പ്രാർത്ഥനാ ശുശ്രൂഷകൾ . ബാഹ്യമായ മാറ്റങ്ങളിൽ മാത്രം ഒതുങ്ങാതെ, ദൈവവചനത്തിലേക്കുള്ള മടങ്ങിവരവിലൂടെയും പ്രാർത്ഥനാജീവിതത്തിലൂടെയും സഭയെയും വിശ്വാസികളെയും നവീകരിക്കുക എന്ന ശക്തമായ സന്ദേശമാണ് ദിനാചരണം നൽകിയത്.
മലങ്കര മാർത്തോമ്മാ സുറിയാനി സഭ, സി.എസ്.ഐ, സി.എൻ.ഐ എന്നീ സഭകൾ ചേർന്നുള്ള ‘കമ്മ്യൂണിയൻ ഓഫ് ചർച്ചസ് ഇൻ ഇന്ത്യ’യുടെ കൂട്ടായ്മയും ശുശ്രൂഷയും സഭകളുടെ പരസ്പര ഐക്യത്തിന്റെയും സഹകരണത്തിന്റെയും വലിയൊരു സാക്ഷ്യമാണെന്ന് വിവിധ ഇടവകകളിൽ നിന്നുള്ള പ്രഭാഷകർ ഓർമ്മിപ്പിച്ചു.
ദിനാചരണത്തിന്റെ ഭാഗമായി ഡാളസ് സെന്റ് പോൾ മാർത്തോമ്മാ ചർച്ചിൽ നടന്ന വിശുദ്ധ കുർബാന ശുശ്രൂഷയിൽ ഡാളസ് സി.എസ്.ഐ ഇടവക വികാരി റവ. ബൈജു ഈപ്പൻ മുഖ്യ സന്ദേശം നൽകി. ആരാധന കേവലം കാഴ്ചക്കാരുടെ ഒത്തുകൂടലല്ലെന്നും, മറിച്ച് ദൈവവചനത്തിലൂടെയുള്ള ആത്മപരിശോധനയ്ക്കും ആത്മീയ നവീകരണത്തിനുമുള്ള അവസരമായിരിക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
സഭയിൽ വ്യക്തികളെയോ പ്രസ്ഥാനങ്ങളെയോ പ്രതിഷ്ഠിക്കാതെ ക്രിസ്തുവിനെ മാത്രം കേന്ദ്രബിന്ദുവാക്കിക്കൊണ്ട് മുന്നേറേണ്ടതിന്റെ പ്രാധാന്യവും അച്ചൻ ഊന്നിപ്പറഞ്ഞു.
ആരാധനയിലും പ്രാർത്ഥനയിലും മാത്രം ഒതുങ്ങാതെ, പരസ്പരമുള്ള ക്ഷമയിലൂടെയും സ്നേഹത്തിലൂടെയും ആ വിശ്വാസജീവിതം മിഷൻ പ്രവർത്തനങ്ങളിലേക്കും ലോകത്തിന്റെ നന്മയ്ക്കായുള്ള സാക്ഷ്യത്തിലേക്കും വ്യാപിക്കണമെന്ന് പ്രസംഗം ആഹ്വാനം ചെയ്തു. . സെന്റ് പോൾ മാർത്തോമ്മാ  വികാരി   റവ രജിൻ രാജു സ്വാഗതവും ഇടവക സെക്രട്ടറി സോജി സ്കറിയാ നന്ദിയും പറഞ്ഞു

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page