ട്രാന്‍സാക്ഷന്‍ ഫെയില്‍ഡായെന്ന് സന്ദേശം; 10 മിനുട്ടിനകം ഷിരിബാഗിലുവിലെ യുവാവിന്റെ അക്കൗണ്ടില്‍ നിന്ന് 1,88,999 രൂപ നഷ്ടപ്പെട്ടു, വിദ്യാനഗര്‍ പൊലീസ് അന്വേഷണം തുടങ്ങി

കാസര്‍കോട്: ട്രാന്‍സാക്ഷന്‍ ഫെയില്‍ഡായെന്നു സന്ദേശം ലഭിച്ച് പത്ത് മിനുട്ടിനകം യുവാവിന്റെ അക്കൗണ്ടില്‍ നിന്ന് 1,88,999.13 രൂപ നഷ്ടപ്പെട്ടു. മധൂര്‍, ഷിരിബാഗിലുവിലെ അബൂബക്കര്‍ ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനായ മുഹമ്മദ് നസീറി(42)ന്റെ പണമാണ് നഷ്ടപ്പെട്ടത്. ഇയാള്‍ നല്‍കിയ പരാതിയില്‍ നാരായന്‍ കുമാര്‍ ഗോപാല്‍, മംഗൽ പന്‍വാര്‍, സാജിദ് അലി അയൂബ് സയിദ്, ലഖന്‍ ജയറാം സോണാവാലെ എന്നിവര്‍ക്കെതിരെ വിദ്യാനഗര്‍ പൊലീസ് കേസെടുത്തു, പരാതിക്കാരന് കര്‍ണാക ബാങ്കിന്റെ കഡബ ബ്രാഞ്ചിലുള്ള അക്കൗണ്ടില്‍ നിന്നാണ് പണം നഷ്ടമായത്.
ഗൂഗില്‍ പേയിലേക്ക് അയച്ച 95,000 രൂപയുടെ ട്രാന്‍സാക്ഷന്‍ ഫെയില്‍ഡാണെന്ന സന്ദേശമാണ് പരാതിക്കാരന് ലഭിച്ചത്. സന്ദേശം തുറന്നു നോക്കി പത്തു മിനിറ്റു കഴിഞ്ഞ ഉടന്‍ പരാതിക്കാരന്റെ അക്കൗണ്ടില്‍ നിന്നു നാരായണ്‍ കുമാര്‍ ഗോപാല്‍ എന്ന ആളുടെ അക്കൗണ്ടിലേക്ക് 95000 രൂപ പോവുകയായിരുന്നു.
2026 ആഗസ്റ്റ് ഒന്നിനാണ് പണം നഷ്ടപ്പെട്ടത്. ആഗസ്റ്റ് രണ്ടിന് സമാനമായ മറ്റൊരു സന്ദേശം പരാതിക്കാരന്റെ അക്കൗണ്ടിലേക്കെത്തി. സന്ദേശം തുറന്നു നോക്കിയ ഉടന്‍ മംഗല്‍ പന്‍വാര്‍ എന്നയാളുടെ അക്കൗണ്ടിലേക്ക് 45,000 രൂപയും സാജിദലി അയൂബ് സയിദിന്റെ അക്കൗണ്ടി ലേക്ക് 30,000 രൂപയും ലഖന്‍ ജയറാം സോണാവാലെയുടെ അക്കൗണ്ടിലേക്ക് 18,999.13 രൂപയും പോയതായി വിദ്യാനഗര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചു. സൈബര്‍ തട്ടിപ്പു സംഘമായിരിക്കും സംഭവത്തിനു പിന്നിലെന്നാണ് പൊലീസിന്റെ സംശയം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page