കുമ്പള മര്‍ച്ചന്റ്സ് വെല്‍ഫെയര്‍ സഹകരണ സംഘം തകര്‍ച്ചയുടെ വക്കില്‍: സംഘം 76,62,386 രൂപ നഷ്ടത്തിലെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട്

കുമ്പള: വ്യാപാരികളുടെ സാമ്പത്തിക ഭദ്രതയും വ്യാപാരവും സംരക്ഷിക്കുന്നതിന് ആരംഭിച്ച കുമ്പള മര്‍ച്ചന്റ്സ് വെല്‍ഫെയര്‍ സഹകരണ സംഘം തകര്‍ച്ചയുടെ വക്കില്‍ എത്തിനില്‍ക്കുന്നു.

സംഘം ഇപ്പോള്‍ 76,62,386 രൂപ നഷ്ടത്തിലാണെന്ന് സഹകരണ ഓഡിറ്റ് വിഭാഗം സീനിയര്‍ ഓഡിറ്റര്‍ എന്‍ ഇര്‍ഷാദ് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറഞ്ഞു. ഈ കടം എങ്ങനെ ഉണ്ടായി, കടം തീര്‍ക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ എന്താണ്, കടം തീര്‍ത്ത് സഹകരണ സംഘത്തെ നേരെ ചൊവ്വെ കൊണ്ടുവരുന്നതിന് ചെയ്യേണ്ട കാര്യങ്ങള്‍ എന്താണ്, ഇത്രയും ഭീമമായ കടം ഉണ്ടാകാതിരിക്കാന്‍ കഴിഞ്ഞ കാലങ്ങളില്‍ ഓഡിറ്റ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടിയിരുന്നോ? അങ്ങനെ ചെയ്തിരുന്നെങ്കില്‍ അത് നടപ്പാക്കാതിരുന്നത് ആരാണ്? കടത്തിന്റെ ഉത്തരവാദികള്‍ ആരാണ്? തുടങ്ങി തകര്‍ച്ചയുടെ കാരണങ്ങള്‍ ചൂണ്ടിക്കാട്ടുകയും അതിനുള്ള പരിഹാരമാര്‍ഗങ്ങള്‍ നിര്‍ദ്ദേശിക്കുകയും ചെയ്യേണ്ട ഓഡിറ്റര്‍, റിപ്പോര്‍ട്ട് എഴുതാതെ ഓരോ വരയും കുറിയുമിട്ടുവച്ചു.

ഇതെന്തെ ഇങ്ങനെ? എന്ന ആരായലുകള്‍ക്ക് താനിക്കാര്യങ്ങള്‍ ഓഡിറ്റര്‍ക്ക് ചൂണ്ടിക്കാട്ടിയിരുന്നെന്ന് സഹകരണസംഘം പ്രധാന ജീവനക്കാര്‍ വെളിപ്പെടുത്തി. ഓഡിറ്റ് റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന് അറുപതിനായിരത്തില്‍ പരം രൂപയും സംഘത്തിന്റെ തകര്‍ച്ചയുടെ കാരണങ്ങളും ഉത്തരവാദികളെക്കുറിച്ചുള്ള സൂചനകളും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്താതിരുന്നതിന് പ്രത്യേക ഫീസും സംഘം ഭരണാധികാരികള്‍ ഓഡിറ്റിന് നല്‍കിയിട്ടുണ്ടെന്ന് അവര്‍ തുടര്‍ന്ന് സൂചിപ്പിച്ചു.

സഹകരണ സംഘത്തിന്റെ ഭരണാധികാരികള്‍ മാത്രമല്ല, സംഘങ്ങള്‍ വഴി തെറ്റുമ്പോള്‍ അവയെ നേര്‍വഴിക്കു നടത്താന്‍ ബാധ്യതപ്പെട്ട സഹ.ജീവനക്കാരും സംഘങ്ങളുടെ തകര്‍ച്ചയ്ക്ക് കാരണക്കാരാണെന്ന് മര്‍ച്ചന്റ് വെല്‍ഫെയര്‍ സഹകരണ സംഘം ഓഡിറ്റ് റിപ്പോര്‍ട്ട് എടുത്തു കാട്ടുന്നു.

1993 ജൂണ്‍ 5നാണ് കുമ്പള മര്‍ച്ചന്റ്സ് വെല്‍ഫെയര്‍ സഹകരണ സംഘം പ്രവര്‍ത്തനം ആരംഭിച്ചത്. ആദ്യകാലത്ത് വ്യാപാരികളുടെ ഉറ്റമിത്രമായിരുന്നു സംഘം. പിന്നെ പിന്നെ അതില്‍ സ്ഥാപിത താല്‍പര്യങ്ങള്‍ വന്നു. അത് തട്ടിപ്പിലെത്തുകയും ഇപ്പോള്‍ തട്ടിപ്പില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിയാത്ത തരത്തില്‍ ഈ സഹകരണ സംഘത്തെ കൊണ്ടെത്തിക്കുകയും ചെയ്തു.

ഡെയ്ലി കളക്ഷനും ഡിപ്പോസിറ്റ് ഇനത്തില്‍ കിട്ടുന്ന പണവും കൊണ്ടാണ് സംഘം ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. പിഗ്മി ഡിപ്പോസിറ്റ് നല്‍കുന്ന വ്യാപാരികള്‍ തുക തിരിച്ച് ആവശ്യപ്പെടുമ്പോള്‍ പണം മടക്കി കിട്ടാന്‍ കാലതാമസം ഉണ്ടാവുന്നുണ്ടെന്നും പരാതിയുണ്ട്. 1993ല്‍ ആരംഭിച്ച മര്‍ച്ചന്റ് വെല്‍ഫയര്‍ സഹകരണ സംഘം ആദ്യകാലത്ത് പ്രഖ്യാപിത ലക്ഷ്യത്തോടെയായിരുന്നു പ്രവര്‍ത്തിച്ചിരുന്നതെന്ന് പറയുന്നു. പിന്നീട് അധികാരത്തില്‍ എത്തിയവര്‍ വ്യക്തിപരവും രാഷ്ട്രീയവുമായ താല്‍പര്യങ്ങള്‍ക്ക് സംഘത്തെ കരുവാക്കുകയായിരുന്നു എന്ന് പറയുന്നു. ഇപ്പോഴത്തെ ഭരണസമിതിക്ക് മുമ്പ് ലീഗ് നേതാവും മര്‍ച്ചന്റുമായ എം അബ്ബാസിന്റെ നേതൃത്വത്തില്‍ ഉണ്ടായിരുന്ന ഭരണസമിതിയില്‍ സൊസൈറ്റി പ്രസിഡന്റ് ഉള്‍പ്പെടെ മൂന്ന് ഭരണസമിതി അംഗങ്ങള്‍ സംഘത്തില്‍ നിന്ന് വായ്പ്പെടുക്കുകയും കാലാവധി കഴിഞ്ഞിട്ടും പണം തിരിച്ചടക്കുകയോ പലിശ നല്‍കുകയോ ചെയ്തില്ലെന്നും സഹകരണ വകുപ്പ് കണ്ടെത്തിയിരുന്നു.

ഇതിനെ തുടര്‍ന്ന് ഇവരെ സ്ഥാനഭ്രഷ്ടരാക്കുകയായിരുന്നു. തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പില്‍ അധികാരത്തിലെത്തിയ ലീഗ് നേതാവ് സത്താര്‍ ആരിക്കാടിയുടെ നേതൃത്വത്തിലുള്ള ഭരണസമിതിയിലെ സത്താര്‍ ഉള്‍പ്പെടെ മൂന്ന് ഡയറക്ടര്‍മാര്‍ കാലാവധി കഴിഞ്ഞിട്ടും കടമെടുത്ത തുകയും പലിശയും തിരിച്ചടച്ചിട്ടില്ലെന്ന പരാതിയുണ്ട്. രണ്ട് വര്‍ഷത്തിലേറെയായി കുടിശ്ശിക ഉണ്ടായിട്ടും ഭരണസമിതി അംഗത്വത്തില്‍ നിന്ന് ഇവരെ പുറത്താക്കാത്തത് സംഘത്തിന്റെ തകര്‍ച്ച പൂര്‍ണമാക്കാന്‍ ആണെന്നും പ്രമുഖ വ്യാപാരിയും സാമൂഹ്യപ്രവര്‍ത്തകനുമായ ബി വിക്രം പൈ ആരോപിച്ചു.

ഇപ്പോള്‍ 450 എ ക്ലാസ് അംഗങ്ങള്‍ ഉള്‍പ്പെടെ 1430 അംഗങ്ങളാണ് മര്‍ച്ചന്റ്സ് വെല്‍ഫെയര്‍ സഹകരണ സംഘത്തില്‍ ഉള്ളത്. ഓഹരി മൂലധനം 2024-25ലേതിനേക്കാള്‍ 56,410രൂപ കുറഞ്ഞു.

നിക്ഷേപ ഇനത്തില്‍ 2005-2006ല്‍ 38,47,741 രൂപ വര്‍ദ്ധിച്ചു. സാമ്പത്തിക വര്‍ഷാവസാനം 4,51,09,348 രൂപ സംഘം സമാഹരിച്ചുവെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

അതേസമയം ഇതേ കാലയളവില്‍ സംഘത്തില്‍ നിന്ന് വായ്പ വാങ്ങിയവര്‍ 1,48,86,353 രൂപ തിരിച്ചടക്കാതെ കുടിശ്ശികയാക്കിയിരിക്കുകയാണ്. ഇത് ബാങ്കിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് ആവശ്യമായ തുകയുടെ പകുതിയോളം ആണ്. പലിശഇനത്തില്‍ മാത്രം സംഘത്തിന് 97,97,322 രൂപ ബാക്കിനില്‍ക്കുന്നു. കുടിശ്ശിക തുക ഉടന്‍ പിരിച്ചെടുക്കണമെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

17,94,625 രൂപ സംഘത്തിന് കിട്ടാക്കടമുണ്ട്. 1,30,91,728 രൂപ സംശയാസ്പദമായ കടം ആയിട്ടുണ്ടെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട് ചൂണ്ടികാട്ടുന്നു. ഇരുവിഭാഗങ്ങളിലുമായി സംഘത്തിന്റെ 1,48,86,353രൂപ പുറത്തുണ്ട്.

2005-26 സാമ്പത്തിക വര്‍ഷം ആകെ 76,62,386 രൂപയാണ് കുമ്പള മര്‍ച്ചന്റ്സ് വെല്‍ഫെയര്‍ സഹകരണ സംഘത്തിന് നഷ്ടമുണ്ടായിട്ടുള്ളതെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കേണ്ടിയിരുന്ന കടമുണ്ടായ വഴികള്‍ വിശദീകരിക്കുകയും പരിഹാരമാര്‍ഗ്ഗം നിര്‍ദ്ദേശിക്കുകയും ചെയ്യേണ്ടിയിരുന്ന ഓഡിറ്റ് റിപ്പോര്‍ട്ടിന്റെ 6,7,8,9 പേജുകള്‍ അപ്പാടെ വെറുതെ വിടുകയും അതില്‍ ഒരു വര വരച്ചിടുകയും ആണ് ചെയ്തിട്ടുള്ളത്.

ഇത് സഹകരണ സംഘത്തെയും വ്യാപാരികളെയും വ്യാപാര മേഖലയെയും സംരക്ഷിക്കാനും വളര്‍ത്താനും ആണോ എന്ന് വ്യാപാരികള്‍ ആശങ്ക പ്രകടിപ്പിച്ചു. അംഗങ്ങള്‍ പഠിച്ചു ചര്‍ച്ച ചെയ്ത് പരിഹാരം കണ്ട് ബാങ്കിനെ നിലനിര്‍ത്തേണ്ട നടപടികള്‍ സ്വീകരിക്കുന്നതിന് ലഭിക്കേണ്ട ഈ പേജുകളിലെ ഉള്ളടക്കം കൊള്ള സംഘത്തിന് വേണ്ടി റിപ്പോര്‍ട്ടില്‍ ചേര്‍ക്കാതെ മറച്ചുവെച്ച് സ്വന്തം തൊഴിലിനെയും സര്‍ക്കാരിന്റെ സഹകരണ മേഖലയിലെ പ്രവര്‍ത്തനങ്ങളെയും സഹകരണ സംഘത്തെ തന്നെയും തകര്‍ക്കാന്‍ ശ്രമിച്ച ഓഡിറ്റര്‍ക്കെതിരെ പൊതുമുതല്‍ കൊള്ള, കൊള്ളയ്ക്ക് കൂട്ടുനില്‍ക്കല്‍, പൊതുമുതല്‍ നശിപ്പിക്കല്‍, സംഘം ചേരല്‍ തുടങ്ങിയ വകുപ്പുകളില്‍ നടപടി സ്വീകരിക്കണമെന്നും വ്യാപാരികള്‍ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

വ്യാപാരികള്‍ക്ക് ആശ്വാസമാകേണ്ട ബാങ്കിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്കും അതിന് ചുട്ടു പിടിക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്കുമെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് വ്യാപാരികള്‍ സര്‍ക്കാറിനോടും അധികൃതരോടും ആവശ്യപ്പെട്ടു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page