കാസര്‍കോട്: റവന്യൂ ജില്ലാ കേരള സ്‌കൂള്‍ ശാസ്‌ത്രോത്സവത്തിന് നായന്മാര്‍മൂല തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഒരുങ്ങി. തിങ്കള്‍, ചൊവ്വ തീയതികളിലായാണ് ശാസ്‌ത്രോത്സവം. ശാസ്ത്രമേളയ്‌ക്കൊപ്പം കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം വിദ്യാര്‍ഥികളുടെ സ്‌കില്‍ ഫെസ്റ്റും നടക്കും. രണ്ട് ദിവസങ്ങളിലായി മത്സരാര്‍ഥികള്‍, വിധികര്‍ത്താക്കള്‍, മത്സര നടത്തിപ്പുകാര്‍ തുടങ്ങിയവരടക്കം 8,000-ത്തോളം പേര്‍ മേളയില്‍ പങ്കെടുക്കും. ശാസ്ത്രനാടകം, ശാസ്ത്ര ക്വിസ് എന്നിവ നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു. ജില്ലയിലെ ഏഴ് ഉപജില്ലകളില്‍ നിന്നും ഒന്ന്, രണ്ട് സ്ഥാനം നേടിയ പ്രതിഭകള്‍ ശാസ്‌ത്രോത്സവത്തില്‍ മാറ്റുരയ്ക്കും. ശാസ്‌ത്രോല്‍സവ ഔദ്യോഗിക ഉദ്ഘാടനം തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് ആരോഗ്യ, ദേവസ്വം വകുപ്പ് മന്ത്രി കെ മുരളീധരന്‍ നിര്‍വഹിക്കും. കല്ലട്ര മാഹിന്‍ ഹാജി എംഎല്‍എ അധ്യക്ഷത വഹിക്കും. ലോഗോ രൂപകല്‍പ്പന ചെയ്ത സ്റ്റെഫി ഭീമനടിക്കുള്ള ഉപഹാര സമര്‍പ്പണം എകെഎം അഷ്‌റഫ് എംഎല്‍എ നിര്‍വഹിക്കും. കെ നീലകണ്ഠന്‍ എംഎല്‍എ മുഖ്യാതിഥിയാകും. ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം 3-ന് നടക്കുന്ന സമാപന സമ്മേളനം രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു എബ്രഹാം അധ്യക്ഷത വഹിക്കും. അഡ്വ. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ എംഎല്‍എ, സന്ദീപ് വാര്യര്‍ എംഎല്‍എ എന്നിവര്‍ മുഖ്യാതിഥികളാകും.
ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടുന്ന ഉപജില്ലകള്‍ക്കുള്ള സമ്മാനദാനം ജില്ലാ കളക്ടര്‍ ശ്രീധന്യ സുരേഷ് നിര്‍വഹിക്കും. വ്യക്തിഗത വിജയികള്‍ക്കുള്ള സമ്മാനദാനം ജില്ലാ പൊലീസ് മേധാവി നിധിന്‍ രാജ് നിര്‍വഹിക്കും. വാര്‍ത്താസമ്മേളനത്തില്‍ ഡിഡിഇ പ്രതിനിധി ഡി ഉല്ലാസ്, പ്രിന്‍സിപ്പല്‍ കെ അബ്ദുല്ലക്കുഞ്ഞി, ഹെഡ്മാസ്റ്റര്‍ പികെ അനില്‍കുമാര്‍, എ മുഹമ്മദ് ബഷീര്‍, എഎല്‍ മുഹമ്മദ് അസ്ലം, മുഹമ്മദ് സമീര്‍, എന്‍എം അബ്ദുല്ല പങ്കെടുത്തു.






