കാസര്‍കോട്; മാരകമയക്കുമരുന്നായ എംഡിഎംഎയുമായി പള്ളിക്കര സ്വദേശി കാസര്‍കോട്ട് അറസ്റ്റില്‍. പള്ളിപ്പുഴ, സ്‌നേഹാലയത്തിലെ ഗോകുല്‍ രാജീവി(25)നെയാണ് വിദ്യാനഗര്‍ എസ്‌ഐ വിജയന്‍ മേലത്തും ഡാന്‍സാഫ് ടീമും ചേര്‍ന്ന് കറന്തക്കാട്ട് വച്ച് പിടികൂടിയത്. ഇയാളില്‍ നിന്നു 1.510 ഗ്രാം എംഡിഎംഎ കണ്ടെടുത്തതായി പൊലീസ് പറഞ്ഞു.
വിദ്യാനഗര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത മറ്റൊരു കേസിന്റെ അന്വേഷണത്തിനായാണ് എസ്‌ഐയും സംഘവും കാസര്‍കോട്ടെത്തിയത്. വൈകുന്നേരം മൂന്നേ മുക്കാല്‍ മണിയോടെ പൊലീസ് സംഘം കറന്തക്കാട്ട് എത്തിയപ്പോള്‍ സംശയകരമായ സാഹചര്യത്തില്‍ കാണപ്പെട്ട ഗോകുല്‍ രാജീവിനെ കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോഴാണ് മയക്കുമരുന്ന് കണ്ടെത്തിയത്. പ്രതിയെ തുടര്‍ നടപടികള്‍ക്കായി കാസര്‍കോട് ടൗണ്‍ പൊലീസിനു കൈമാറി. കേസെടുത്ത ടൗണ്‍ പൊലീസ് പ്രതിയെ അറസ്റ്റു ചെയ്തു.







