33 വർഷം നീണ്ട നിയമപോരാട്ടം; കാസർകോട്ട് പൊലീസ് പിടിച്ചെടുത്ത ചന്ദനത്തൈലത്തിന് പകരം മൂന്ന് കോടി രൂപ നഷ്ടപരിഹാരം നൽകാൻ സർക്കാർ ഉത്തരവ്

കാസർകോട്: 33 വർഷം നീണ്ട നിയമപോരാട്ടത്തിനൊടുവിൽ കാസർകോട് നായന്മാർമൂലയിലെ വീട്ടിൽ നിന്നും പൊലീസ് പിടിച്ചെടുത്ത ചന്ദനത്തൈലത്തിന് പകരമായി ഉടമയ്ക്ക് 3,00,62,500 രൂപ (മൂന്ന് കോടി അറുപത്തിരണ്ടായിരത്തി അഞ്ഞൂറ് രൂപ) നഷ്ടപരിഹാരം നൽകാൻ കേരള സർക്കാർ ഉത്തരവിട്ടു. വനം-വന്യജീവി വകുപ്പ് സെക്രട്ടറി കെ ബിജു ഐഎഎസ് ആണ് ഇതുസംബന്ധിച്ച സുപ്രധാന സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചത്. 2018 ൽ കേസ് റദ്ദാക്കിയ സുപ്രീംകോടതി പ്രതിയെ കുറ്റവിമുക്തനാക്കിയിരുന്നു. നായന്മാർമൂലയിലെ സ്റ്റാൻഡേർഡ് എസൻഷ്യൽ ഓയിൽ ലിമിറ്റഡ് എന്ന സ്ഥാപന ഉടമ എൻ എ അബ്ദുൽ റഹ്മാനാണ് സർക്കാർ പണം നൽകുക. 1993-ൽ നായന്മാർമൂലയിലെ എസൻഷ്യൽ ഓയിൽസ് ഫാക്ടറി ഉടമയായ എൻ.എ. അബ്ദുൽ റഹ്മാന്റെ സ്ഥാപനത്തിൽ നിന്ന് 125 കിലോ ചന്ദന തൈലം വനംവകുപ്പ് പിടികൂടിയിരുന്നു. കേരള ഫോറസ്റ്റ് ആക്ട് 1961 ലെ വകുപ്പ് 69 പ്രകാരം വനം വകുപ്പ് ഇത് പിടിച്ചെടുക്കുകയും ചെയ്തിരുന്നു. തുടർന്ന് ഇദ്ദേഹത്തിനെതിരെ വനം വകുപ്പ് കേസെടുത്തെങ്കിലും നീണ്ട നിയമപോരാട്ടത്തിലൂടെ ഓരോ ഘട്ടത്തിലും അബ്ദുൽ റഹ്മാൻ നിരപരാധിത്വം തെളിയിക്കുകയായിരുന്നു. ചന്ദനതൈലം പിടിച്ചെടുത്ത നടപടി ആദ്യം ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ചും ഡിവിഷൻ ബെഞ്ചും ശരിവെച്ചിരുന്നെങ്കിലും, പിന്നീട് 2018 ഏപ്രിൽ 19-ന് സുപ്രീം കോടതി ഈ നടപടികൾ പൂർണ്ണമായി റദ്ദാക്കുകയായിരുന്നു. സുപ്രീം കോടതിയിൽ പൊലീസിന്റെ വാദം തള്ളി പരാതിക്കാരന്റെ വാദം അംഗീകരിക്കുകയായിരുന്നു. തുടർന്ന് ചന്ദന തൈലം തിരികെ ആവശ്യപ്പെട്ട് അബ്ദുൽ റഹ്മാൻ കോടതിയെ സമീപിച്ചിരുന്നു. എന്നാൽ 2010ലെ ചന്ദന നിയമപ്രകാരം ഒരാൾക്ക് 100 മില്ലി ലിറ്ററിൽ കൂടുതൽ വീട്ടിൽ സൂക്ഷിക്കാൻ അനുമതിയില്ലെന്ന കാരണത്താൽ വനം വകുപ്പ് ചന്ദന തൈലം വിട്ടു നൽകിയില്ല.
തുടർന്ന് അബ്ദുൽ റഹ്മാൻ വീണ്ടും കോടതിയെ സമീപിച്ചു. ഈ കേസിൽ ഇടപെട്ട ഹൈക്കോടതി, നിയമപരമായ വ്യവസ്ഥകൾ പ്രകാരം അർഹമായ തുക മൂന്ന് മാസത്തിനകം നൽകണമെന്ന് 2026 ജൂൺ 19-ന് ഉത്തരവിടുകയായിരുന്നു. ഹൈക്കോടതി ഉത്തരവ് നടപ്പിലാക്കാൻ വൈകിയതിനെത്തുടർന്ന് ഹർജിക്കാരൻ കോടതിയലക്ഷ്യ ഹർജി ഫയൽ ചെയ്യുകയും ചെയ്തു. ഇതോടെ നിലവിലെ വിപണിയിലെ വിലയും കഴിഞ്ഞ വർഷങ്ങളിലെ ലേല നിരക്കുകളും കണക്കിലെടുത്ത്
മറയൂർ ചന്ദന ഡിവിഷനിൽ കഴിഞ്ഞ മൂന്നുവർഷം ലേലത്തിൽ ലഭിച്ച കുറഞ്ഞ വിലയായ 2,40,500 രൂപ നിശ്ചയിച്ച് പണം നൽകാൻ വനം വകുപ്പ് സർക്കാറിന് റിപ്പോർട്ട് നൽകുകയായിരുന്നു.
അങ്ങനെ 125 കിലോഗ്രാം ചന്ദനതൈലത്തിന് ആകെ 3,00,62,500 രൂപ (മൂന്നുകോടി അറുപത്തിരണ്ടായിരത്തി അഞ്ഞൂറ് രൂപ) അനുവദിച്ചുകൊണ്ട് വനം വകുപ്പ് സെക്രട്ടറി ഉത്തരവ് പുറപ്പെടുവിച്ചു. നിയമപരമായ എല്ലാ ബാധ്യതകളും പരിശോധിച്ചാകും തുക കൈമാറുക.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page