പൂട്ടിക്കിടക്കുന്ന വീടുകള്‍ നോക്കി വച്ച് പാതിരാത്രി കവര്‍ച്ച; കൊച്ചിയെ വിറപ്പിച്ച ഭായ് നസീറിന്റെയും തമ്മനം ഷാജിയുടെയും കൂട്ടാളികള്‍ അറസ്റ്റില്‍

കൊച്ചി: ദേശീയ പാതയോരത്തെ പൂട്ടിക്കിടക്കുന്ന വീടുകള്‍ കേന്ദ്രീകരിച്ചു കവര്‍ച്ച നടത്തുന്ന സംഘം അറസ്റ്റില്‍. ആലുവ, എടത്തല സ്വദേശികളായ മാനോലിപ്പറമ്പില്‍ സലാം (55), സുല്‍ഫിക്കര്‍ (35) എന്നിവരെയാണ് തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ നകുല്‍ രാജേന്ദ്ര ദേശ് മുഖിന്റെ കീഴിലുള്ള സ്‌ക്വാഡും ചാവക്കാട് പൊലീസും ചേര്‍ന്ന് അറസ്റ്റു ചെയ്തത്. ഒരു കാലത്ത് കൊച്ചി നഗരത്തെ വിറപ്പിച്ച കൊടും ക്രിമിനലുകളായ ഭായ് നസീറിന്റെയും തമ്മനം ഷാജിയുടെയും കൂട്ടാളികളാണ് ഇരുവരുമെന്ന് പൊലീസ് പറഞ്ഞു.
പകല്‍നേരത്ത് കാറിലും ബൈക്കിലും കറങ്ങി ദേശീയ പാതയോരത്തെ പൂട്ടിക്കിടക്കുന്ന വീടുകള്‍ നോക്കിവച്ച് പാതിരാത്രിയിലെത്തി കവര്‍ച്ച നടത്തുന്നതാണ് സംഘത്തിന്റെ രീതി. സലാം എറണാകുളം ജില്ലയിലെ കൊലക്കേസിലും കളമശ്ശേരിയില്‍ വീടു കുത്തിത്തുറന്ന് 200 പവന്‍ കവര്‍ന്ന കേസിലെ ഒന്നാം പ്രതിയുമാണ്. കൊച്ചി നഗരത്തിലെ കുപ്രസിദ്ധ ഗുണ്ടകളില്‍ ഒരാളായ ഭായ് നസീറിന്റെ വലം കൈ കൂടിയായിരുന്നു സലാമെന്ന് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. മറ്റൊരു ഗുണ്ടയായ തമ്മനം ഷാജിയുടെ സംഘത്തിലും സജീവമായിരുന്നു. സുല്‍ഫിക്കറിന്റെ പേരില്‍ വിവിധ ജില്ലകളിലായി 20ലധികം കേസുകളുണ്ട്.
ഒക്ടോബര്‍ 19ന് കോട്ടപ്പുറം, സെന്ററില്‍ എബി അബ്ദുല്‍ ലത്തീഫിന്റെ വീട് കുത്തിത്തുറന്ന് കവര്‍ച്ച നടത്തിയ കേസിലാണ് ഇരുവരെയും അറസ്റ്റു ചെയ്തത്. അബ്ദുല്‍ ലത്തീഫ് വീട് പൂട്ടി എറണാകുളത്തെ ബന്ധുവീട്ടില്‍ പോയ സമയത്താണ് കവര്‍ച്ച. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സലാമും സുല്‍ഫിക്കറും പൊലീസിന്റെ പിടിയിലായത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page