പയ്യന്നൂര്‍: പരിചയം നടിച്ച് മധ്യവയസ്കയെ സ്കൂട്ടറില്‍ കയറ്റിക്കൊണ്ടു പോയി സ്വര്‍ണമാല പൊട്ടിച്ചെടുത്തതായി പരാതി. പരിയാരം കണാരംവയലിലെ ശാന്ത (58)യുടെ ഒന്നരപ്പവന്‍ മാലയാണ് നഷ്ടപ്പെട്ടത്. ശാന്തയുടെ പരാതിയില്‍ പരിയാരം പൊലീസ് അന്വേഷണം തുടങ്ങി. ഇന്ന് (ശനി) രാവിലെയാണ് സംഭവം.
മാതമംഗലത്തേക്ക് പോകാനായി കണാരംവയലില്‍ ബസ് കാത്തുനില്ക്കുകയായിരുന്നു ശാന്ത. ഈ സമയത്ത് സ്കൂട്ടറില്‍ എത്തിയ യുവാവ് ശാന്തയെ സമീപിച്ച് പരിചയം നടിച്ച് താനും മാതമംഗലത്തേക്ക് പോവുകയാണെന്നു പറഞ്ഞു. ഇതേ തുടര്‍ന്ന് ശാന്ത സ്കൂട്ടറില്‍ കയറി. പാണപ്പുഴ സ്കൂള്‍ ബസ് സ്റ്റോപ്പില്‍ എത്തിയപ്പോള്‍ എളുപ്പവഴിയാണെന്നു പറഞ്ഞ് യുവാവ് മറ്റൊരു വഴിയിലൂടെ സ്കൂട്ടര്‍ ഓടിച്ചു പോയി. വിജനമായ സ്ഥലത്തെത്തിയപ്പോള്‍ ശാന്തയുടെ കഴുത്തില്‍ നിന്ന് മാല പൊട്ടിച്ചു രക്ഷപ്പെടുകയായിരുന്നുവെന്നാണ് പരാതി. വിവരമറിഞ്ഞ് പരിയാരം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു വരികയാണ്.







