കാസര്‍കോട്: നിരവധി സംസ്ഥാനങ്ങള്‍ കടന്ന് കാമുകനെ തേടിയെത്തിയ 19കാരിയായ കാമുകിയെ ഒടുവിൽ പൊലീസ് പൊക്കി. യുവതി പൊലീസിനൊപ്പം തനിച്ചു പോകാന്‍ തയ്യാറാകാതിരുന്നതിനെ തുടര്‍ന്ന് കാമുകനെയും കൂടെ കൂട്ടിയാണ് ഛത്തീസ്ഗഡ് പൊലീസ് മടങ്ങിയത്. മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഉപ്പളയിലാണ് സംഭവം. ഉപ്പളയിലെ ഒരു ഹോട്ടലില്‍ തൊഴിലാളിയായ കാമുകനെ തേടി ഒരാഴ്ച മുമ്പാണ് ഛത്തീസ് ഗഡ് സ്വദേശിനിയായ കാമുകി ഉപ്പളയില്‍ എത്തിയത്. അതിനു ശേഷം ഇരുവരും ഒന്നിച്ചായിരുന്നു കഴിഞ്ഞിരുന്നത്. എന്നാല്‍ മകളെ കാണാനില്ലെന്നു കാണിച്ച് രക്ഷിതാക്കള്‍ ഛത്തീസ് ഗഡ് പൊലീസില്‍ പരാതി നല്‍കി. കേസെടുത്ത പൊലീസ് നടത്തിയ അന്വേഷണത്തില്‍ യുവതിയുടെയും കാമുകന്റെയും മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ ഉപ്പളയാണെന്നു തിരിച്ചറിഞ്ഞു. തുടര്‍ന്ന് ഛത്തീസ്ഗഡ് പൊലീസ് മഞ്ചേശ്വരം പൊലീസ് സ്റ്റേഷനിലെത്തി. കേരള പൊലീസിന്റെ സഹായത്തോടെ കമിതാക്കളുടെ താമസസ്ഥലവും ജോലി ചെയ്യുന്ന ഹോട്ടലും കണ്ടെത്തി. യുവതിയുമായി നാട്ടിലേക്ക് മടങ്ങാനായിരുന്നു ഛത്തീസ് ഗഡ് പൊലീസിന്റെ തീരുമാനം. എന്നാല്‍ ഇഷ്ടപ്പെടുന്ന പുരുഷനെ കൂടാതെ ഒരു കാരണവശാലും കൂടെ വരില്ലെന്നു യുവതി ശക്തമായ നിലപാടെടുത്തു. ഇതോടെയാണ് കാമുകനെ കൂടി കൂടെ കൊണ്ടു പോകാന്‍ പൊലീസ് തീരുമാനിച്ചത്. തുടര്‍ന്ന് കമിതാക്കളെ പൊലീസ് ഛത്തീസ് ഗഡിലേക്ക് കൊണ്ടു പോയി. എന്നാൽ ഇതു സംബന്ധിച്ച് മഞ്ചേശ്വരത്ത് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.







