വീണ്ടും ഷിഗെല്ല; മലപ്പുറത്തും കോഴിക്കോട്ടും 5 പേര്‍ക്ക് രോഗബാധ, മന്തി കഴിച്ചവര്‍ക്കും രോഗം

മലപ്പുറം: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. നിലമ്പൂരില്‍ മൂന്ന് പേര്‍ക്കും കോഴിക്കോട്ട് രണ്ടുപേര്‍ക്കും ഷിഗെല്ല സ്ഥിരീകരിച്ചു. നിലമ്പൂരില്‍ നാലുവയസുകാരിക്ക് അടക്കമാണ് രോഗം സ്ഥിരീകരിച്ചത്. നാലുവയസുകാരി അമരമ്പലത്തു ലഘുഭക്ഷണശാലയില്‍ നിന്ന് ഭക്ഷണം കഴിച്ചിരുന്നു. മറ്റുരണ്ടുപേര്‍ പാലുണ്ടയില്‍ നിന്ന് മന്തി കഴിച്ചിരുന്നു. ശാരീരികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് നിരവധി പേര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. ഇവരുടെ പരിശോധനാഫലം ലഭിച്ചിട്ടില്ല. ഏകദേശം 23പേരാണ് ഷിഗെല്ല രോഗലക്ഷണങ്ങളോടെ ചികില്‍സയിലുള്ളത്. വയറിളക്കം, ഛര്‍ദി, വയറുവേദന എന്നി ലക്ഷണങ്ങളോടെയാണ് ഇവര്‍ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. രോഗബാധയ്ക്ക് കാരണമായി എന്ന് കരുതുന്ന കടകള്‍ അടച്ചിടാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. കൂടുതല്‍ പേരുടെ പരിശോധനാഫലങ്ങള്‍ ഉടന്‍ വരുമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്.
കോഴിക്കോട് മേപ്പയില്‍ സീനിയര്‍ ബേസിക് സ്‌കൂളിലെ രണ്ട് കുട്ടികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഛര്‍ദിയും പനിയും വയറിളക്കവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. നേരത്തെ ഇതേ സ്‌കൂളിലെ ഒരു കുട്ടിക്കും ഷിഗെല്ല സ്ഥിരീകരിച്ചിരുന്നു. സ്‌കൂളില്‍ ഉച്ചഭക്ഷണത്തോടൊപ്പം മുട്ടക്കറിയും തൈരും കഴിച്ച കുട്ടികള്‍ക്കാണ് രോഗലക്ഷണങ്ങള്‍ കണ്ടത്. രണ്ട് ജില്ലകളിലുമായി രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മലിനമായ ജലം, ഭക്ഷണം എന്നിവയിലൂടെയാണ് ഷിഗെല്ല രോഗം പടരുന്നത്. രോഗബാധിതരുമായുള്ള സമ്പര്‍ക്കം വഴിയും രോഗം പകരാം. കടുത്ത പനി, വയറുവേദന, മനംപുരട്ടല്‍, ഛര്‍ദ്ദില്‍, വയറിളക്കം തുടങ്ങിയവയാണ് രോഗലക്ഷണങ്ങള്‍. രോഗബാധിതരുമായി സമ്പര്‍ക്കത്തിലായാല്‍ ഒന്നു മുതല്‍ ഏഴു ദിവസത്തിനകം രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാം. വ്യക്തി ശുചിത്വം പാലിക്കുക, കൈകള്‍ വൃത്തിയായി കഴുകുക, തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക, അടച്ചു വെച്ച ഭക്ഷണം ചൂടോടെ മാത്രം കഴിക്കുക തുടങ്ങിയവയാണ് ആരോഗ്യവകുപ്പിന്റെ പ്രധാനപ്പെട്ട നിര്‍ദേശങ്ങള്‍.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പള ടൗണില്‍ അവശനിലയില്‍ മണിക്കൂറുകളോളം കിടന്നു; ഒടുവില്‍ പൊതുപ്രവര്‍ത്തകരുടെ ഇടപെടലില്‍ അബ്ദുള്ളയെ 108 ആംബുലന്‍സില്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി, കഴിഞ്ഞ ദിവസം വരെ എഴുന്നേറ്റ് നടന്നിരുന്ന ആള്‍ പെട്ടെന്ന് അവശനിലയിലായത് എങ്ങിനെ?
Scroll to top

You cannot copy content of this page