കാഞ്ഞങ്ങാട്: റെയില്‍വേ ലെവല്‍ ക്രോസിങ് ഗേറ്റുകളില്‍ വര്‍ധിച്ചുവരുന്ന അപകടങ്ങള്‍ തടയുന്നതിനും വാഹന യാത്രക്കാരില്‍ സുരക്ഷാ അവബോധം ശക്തിപ്പെടുത്തുന്നതിനുമായി ആര്‍പിഎഫ്, മോട്ടോര്‍ വാഹന വകുപ്പ്, ട്രാഫിക് പൊലീസ് എന്നിവര്‍ സംയുക്തമായി കാഞ്ഞങ്ങാട് ഇഖ്ബാല്‍ ഗേറ്റിലും കോട്ടിക്കുളം റെയില്‍വേ ഗേറ്റിലും ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു. ലെവല്‍ ക്രോസിങ് ഗേറ്റുകള്‍ അടച്ചിരിക്കുന്ന സമയത്ത് നിയമലംഘനം നടത്തി ഗേറ്റ് മറികടന്ന് വാഹനങ്ങള്‍ കടന്നുപോകുന്നതിന്റെ ഗുരുതരമായ അപകടസാധ്യതയെക്കുറിച്ച് വാഹന യാത്രക്കാര്‍ക്ക് ബോധവല്‍ക്കരണം നല്‍കി.
റെയില്‍വേ സുരക്ഷാ നിയമങ്ങള്‍ പാലിക്കേണ്ടതിന്റെ ആവശ്യകത, സുരക്ഷിതമായ യാത്രാമാര്‍ഗങ്ങള്‍, ഗേറ്റ് അടച്ചിരിക്കുന്ന സമയത്ത് പാലിക്കേണ്ട സുരക്ഷാ നിര്‍ദേശങ്ങള്‍ എന്നിവയും പരിപാടിയില്‍ വിശദീകരിച്ചു. പരിപാടിയില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ വിശദീകരിച്ച ലഘുലേഖകളും വിതരണം ചെയ്തു.
കാസര്‍കോട് ആര്‍പിഎഫ് ഇന്‍സ്പെക്ടര്‍ എന്‍.കെ. ശശി, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ പ്രദീപ് കുമാര്‍, ട്രാഫിക് പൊലീസ് എസ്.ഐ പി ജയരാജന്‍, ആര്‍പിഎഫ് എ.എസ്.ഐ കെജെ വിനോജ്, എ.എം.വി.ഐ മനുകൃഷ്ണന്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.







