കാസര്‍കോട്: ആശുപത്രിയില്‍ മരിച്ച വീട്ടമ്മയുടെ കഴുത്തിലുണ്ടായിരുന്ന രണ്ടരപ്പവന്‍ മാല കാണാനില്ലെന്ന് പരാതി. ജില്ലാ പൊലീസ് ചീഫിന്റെ നിര്‍ദേശത്തില്‍ കാസര്‍കോട് സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം തുടങ്ങി. ഒക്ടോബര്‍ ഏഴിന് മരിച്ച ബളാംതോട് മുന്തന്റെ മൂലയിലെ ഡി. രത്‌നമ്മയുടെ (74) സ്വര്‍ണമാലയാണ് കാണാതായത്. മകനും തിരുവനന്തപുരം നെയ്യാര്‍ഡാം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകനുമായ ജെ രത്‌നകുമാറാണ് പൊലീസില്‍ പരാതി നല്‍കിയത്. ശരീരിക അസ്വസ്ഥത അനുഭവപ്പെട്ട രത്‌നമ്മയെ മകള്‍ ദീപയും അയല്‍വാസിയും ചേര്‍ന്നാണ് കോളിച്ചാലിലെ ആശുപത്രിയിലെത്തിച്ചത്. പിന്നീട് മാവുങ്കാലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. തുടര്‍ന്ന് അടുത്ത ദിവസം രാവിലെ വരെ മാവുങ്കാലിലെ ആശുപത്രിയിലെ ഫ്രീസറില്‍ സൂക്ഷിക്കുകയായിരുന്നു. രാവിലെ വീട്ടിലേക്ക് കൊണ്ടുപോയി. സംസ്‌കാരചടങ്ങിനിടെയാണ് മാല നഷ്ടപ്പെട്ടതായി മനസിലായത്. മാവുങ്കാലിലെ ആശുപത്രിയില്‍ കൊണ്ടുപോയപ്പോള്‍ രത്‌നമ്മയുടെ കഴുത്തില്‍ മാലയുണ്ടായിരുന്നതായി മകള്‍ ദീപ പറയുന്നു. ആശുപത്രിയിലെത്തി കാര്യങ്ങള്‍ പറഞ്ഞെങ്കിലും യാതൊരു ഫലവുമുണ്ടായില്ലെന്ന് രത്‌നകുമാര്‍ പറയുന്നു. ആശുപത്രിയിലെ സി.സി.ടി.വി. പരിശോധിക്കണമെന്ന കാര്യമടക്കം ചൂണ്ടിക്കാട്ടി രത്‌നകുമാര്‍ ഹൊസ്ദുര്‍ഗ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. അന്വേഷണം ഇഴഞ്ഞതോടെ രത്‌നകുമാര്‍ ജില്ലാ പൊലീസ് ചീഫിനെ സമീപിക്കുകയായിരുന്നു. ജില്ലാ പൊലീസ് ചീഫ് നിധിന്‍ രാജ് കേസ് അന്വേഷണം സ്പെഷ്യല്‍ ബ്രാഞ്ചിന് വിട്ടു.







