കാസര്‍കോട്: ഹൊസങ്കടിയിലെബേക്കറി കടയില്‍ നിന്നു കളഞ്ഞു കിട്ടിയ സ്വര്‍ണ്ണാഭരണങ്ങള്‍ ഉടമസ്ഥയ്ക്ക് കൈമാറി വാമഞ്ചൂര്‍ സ്വദേശി സത്യസന്ധത തെളിയിച്ചു. കജയിലെ അഹമ്മദ് മോണുവാണ് മാതൃകയായത്.
നവംബര്‍ നാലിന് ഹൊസങ്കടിയിലെ നൈസ് ബേക്കറിയില്‍ വച്ചാണ് അഹമ്മദ് മോണുവിനു ഒരു പൊതി കളഞ്ഞു കിട്ടിയത്. തുറന്നു നോക്കിയപ്പോള്‍ വളകള്‍, മാലകള്‍, കമ്മലുകള്‍ എന്നീ ആഭരണങ്ങൾകണ്ടു.
തുടര്‍ന്ന് ആഭരണങ്ങള്‍ കട ഉടമയായ സമീറിനു കൈമാറി. ആരും അന്വേഷിച്ച് എത്താത്തതിനാല്‍ ആഭരണങ്ങള്‍ സെമീര്‍ മഞ്ചേശ്വരം പൊലീസിനു കൈമാറി. പൊലീസ് നടത്തിയ അന്വേഷണത്തില്‍ സ്വര്‍ണ്ണാഭരണങ്ങള്‍ ഉപ്പള സ്വദേശിനിയായ ഫൗസിയയുടേതാണെന്നു വ്യക്തമായി. തുടര്‍ന്ന് ഫൗസിയയേയും ആഭരണങ്ങള്‍ ലഭിച്ച അഹമ്മദ് മോണുവിനെയും സ്‌റ്റേഷനിലേയ്ക്ക് വിളിച്ചു വരുത്തി. എസ് ഐ മാരായ ജിയോ സദാനന്ദന്‍, ഗിരീഷ് ബാബു എന്നിവരുടെ സാന്നിധ്യത്തില്‍ ആഭരണങ്ങള്‍ അഹമ്മദ് മോണു ഉടമസ്ഥയായ ഫൗസിയയ്ക്കു കൈമാറി. ലക്ഷങ്ങള്‍ വിലമതിക്കുന്ന ആഭരണങ്ങള്‍ ഉടമയ്ക്കു കൈമാറി സത്യസന്ധത തെളിയിച്ച അഹമ്മദ് മോണുവിനെ നാട്ടുകാരും പൊലീസും അഭിനന്ദിച്ചു.







