കാസര്‍കോട്: നിയന്ത്രണം തെറ്റിയ ബൈക്ക് കൈവരിയില്ലാത്ത പാലത്തില്‍ നിന്നു തോട്ടിലേക്ക് മറിഞ്ഞു വീണുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. കോയിപ്പാടി, ദേവിനഗര്‍,ജാനകി നിവാസില്‍ ഉമേശ് സാലിയാന്റെ മകന്‍ സുബാഷ് ചന്ദ്രബോസ് (42)ആണ് മരിച്ചത്. കോണ്‍ക്രീറ്റ് തൊഴിലാളിയാണ്. ഇന്നലെ (വ്യാഴം) രാത്രി പത്തുമണിയോടെയാണ് അപകടം ഉണ്ടായത്. ഷേഡിക്കാവ് റോഡിലൂടെ ബൈക്കില്‍ കുമ്പള ഭാഗത്തേക്ക് വരികയായിരുന്നു സുഭാഷ് ചന്ദ്രബോസ്. നമ്പിക്കര ഇറക്കത്തില്‍ എത്തിയപ്പോള്‍ നിയന്ത്രണം തെറ്റിയ ബൈക്ക് കൈവരിയില്ലാത്ത പാലത്തില്‍ നിന്നു തോട്ടിലേക്ക് മറിയുകയായിരുന്നു. വീഴ്ചയില്‍ തലക്ക് ഗുരുതരമായി പരിക്കേറ്റ സുഭാഷ് ചന്ദ്ര ബോസിനെ ഉടന്‍ കുമ്പള ജില്ലാ സഹകരണ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. ഇന്‍ക്വസ്റ്റിനു ശേഷം മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റുമെന്ന് പൊലീസ് പറഞ്ഞു. അപകടത്തില്‍ കുമ്പള പൊലീസ് കേസെടുത്തു.
മാതാവ്: സുശീല. ഭാര്യ: സുമതി. മക്കള്‍: ഗൗഷിക്, സന്‍വിഷ. സഹോദരങ്ങള്‍: രതീഷ്, ജയശീല, സുഹാസിനി .







