പട്ടാപ്പകൽ വയോധികയുടെ മാല പൊട്ടിച്ചെടുത്ത് രക്ഷപ്പെടാൻ ശ്രമം; മോഷ്ടാവിനെ ധീരമായി നേരിട്ട് 61 കാരി, സ്‌കൂട്ടർ തോട്ടിലേക്ക് തള്ളിയിട്ട് മോഷ്ടാവിനെ തടഞ്ഞുവച്ചു

തിരുവനന്തപുരം: പട്ടാപ്പകൽ വയോധികയുടെ മാല പൊട്ടിച്ചെടുത്ത് രക്ഷപ്പെടാൻ ശ്രമിച്ച മോഷ്ടാവിനെ ധീരമായി നേരിട്ട് വീട്ടമ്മ. രക്ഷപ്പെടാൻ ശ്രമിച്ച കള്ളന്റെ സ്‌കൂട്ടർ തോട്ടിലേക്ക് തള്ളിയിട്ടു വഴി മുടക്കി. ഓടിരക്ഷപ്പെടാൻ ശ്രമിച്ച കള്ളനെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി. ചെങ്കൽ ആറയൂർ ചാവല്ലൂർ പൊറ്റ കരിമൺവിള വീട്ടിൽ വിജയദാസ് (40) ആണ് പിടിയിലായത്. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ പരശുവയ്ക്കൽ ആടുമൻകാട് ആടുവളർത്തൽ കേന്ദ്രത്തിന് സമീപത്തെ ഇടറോഡിലാണ് സംഭവം ഉണ്ടായത്. കുഴിപ്പഴിഞ്ഞി വീട്ടിൽ പ്രസന്നകുമാരി (61) വഴിയിലൂടെ നടന്നുപോകുമ്പോഴായിരുന്നു സംഭവം. സ്‌കൂട്ടറിലെത്തിയ വിജയദാസ് വാഹനം റോഡരികിൽ നിർത്തിയ ശേഷം കാൽനടയായി പ്രസന്നകുമാരിയുടെ അടുത്തേക്ക് വരികയായിരുന്നു. തുടർന്ന് കഴുത്തിൽ കിടന്ന മാല പൊട്ടിച്ചെടുത്ത് സ്‌കൂട്ടറിൽ രക്ഷപ്പെടാനായിരുന്നു ശ്രമം. എന്നാൽ ധൈര്യം സംഭരിച്ച പ്രസന്നകുമാരി മോഷ്ടാവിനെ ചെറുക്കുകയും സ്‌കൂട്ടർ സമീപത്തെ തോട്ടിലേക്ക് തള്ളിയിടുകയും ചെയ്തു.
വാഹനം തോട്ടിലേക്ക് മറിഞ്ഞതോടെ മോഷ്ടാവിന്റെ രക്ഷപ്പെടാനുള്ള വഴി അടഞ്ഞു. തുടർന്ന് ഇയാൾ ഓടി ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഇത് കണ്ട നാട്ടുകാർ മോഷ്ടാവിനെ വളഞ്ഞുപിടികൂടുകയായിരുന്നു.
വിവരം അറിയിച്ചതിനെ തുടർന്ന് പാറശ്ശാല പൊലീസ് സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. തോട്ടിൽ വീണ സ്‌കൂട്ടറും പൊലീസ് കണ്ടെടുത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page