തിരുവനന്തപുരം: വറ്റ മത്സ്യം കഴിച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന മല്‍സ്യത്തൊഴിലാളി മരിച്ചു. ചിലക്കൂര്‍ ഗ്രാലികുന്ന് തൈക്കാവില്‍ വീട്ടില്‍ സുധീര്‍ (40) ആണ് മരിച്ചത്. ഭക്ഷ്യവിഷബാധ ആണെന്നാണ് ആശുപത്രിയില്‍ നിന്നും പൊലീസിന് ലഭിച്ചിട്ടുള്ള വിവരം. സുധീറിന്റെ ബോട്ടില്‍ മത്സ്യം ലഭിക്കാത്തതിനെ തുടര്‍ന്ന് മറ്റൊരു ബോട്ടില്‍ ലഭിച്ച 25 കിലോ തൂക്കം വരുന്ന 28 ഓളം മത്സ്യം വാങ്ങിയിരുന്നു. ഈ മല്‍സ്യത്തെ സുധീറും കുടുംബവും കറിവച്ച് കഴിച്ചിരുന്നു. ഇക്കഴിഞ്ഞ ഒക്ടോബര്‍ 27ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സുധീറിനെ വര്‍ക്കല താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. ആരോഗ്യ നില വഷളായതോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെന്റിലെറ്ററിലേക്ക് മാറ്റുകയായിരുന്നു. ചികിത്സയിലിരിക്കെ വ്യാഴാഴ്ച രാവിലെയാണ് സുധീര്‍ മരിച്ചത്. ഒക്ടോബര്‍ 26 മുതല്‍ പെരുമാതുറ, മുതലപ്പൊഴി ഭാഗത്ത് വറ്റ മത്സ്യത്തിന്റെ ചാകരയുണ്ടായിരുന്നു. തുടര്‍ന്ന് വിപണിയില്‍നിന്നും മത്സ്യം വാങ്ങി കഴിച്ച ചിലര്‍ക്ക് ദേഹാസ്വാസ്ഥ്യമുണ്ടായി. 27 പേര് അന്ന് ആശുപത്രിയില്‍ ചികിത്സതേടിയതായാണ് വിവരം. ഇതില്‍ സുധീറിന്റെ കുടുംബത്തിലെ ബന്ധുക്കള്‍ക്കും അലര്‍ജിയും ആരോഗ്യ പ്രശ്നങ്ങളും ഉണ്ടായിരുന്നു. ചാകരയില്‍ അടിഞ്ഞ മീനിനൊപ്പം പഴകിയ മീന്‍ കൂടെ വില്‍പ്പനക്കാര്‍ ചേര്‍ത്തിട്ടുണ്ടാകാമെന്നാണ് നിഗമനം.








