പ്രധാനമന്ത്രി ആവാസ് യോജന തട്ടിപ്പ്: കാസർകോട് ജില്ലയിൽ സമഗ്ര അന്വേഷണം വേണം : എം.എൽ. അശ്വിനി

കാസർകോട് : മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിൽ പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയിൽ നിന്ന് ജീവനക്കാരൻ പതിനാറ് ലക്ഷത്തോളം രൂപ തട്ടിയെടുത്ത സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എം.എൽ. അശ്വിനി ആവശ്യപ്പെട്ടു.

മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിലെ ക്രമക്കേട് ഒറ്റപ്പെട്ട സംഭവമായി കാണാതെ ജില്ലയിലെ മറ്റു ബ്ലോക്ക് പഞ്ചായത്തുകളിലേക്കും ഗ്രാമപഞ്ചായത്തുകളിലേക്കും അന്വേഷണം വ്യാപിപ്പിക്കണം. പദ്ധതിയുടെ യഥാർത്ഥ ഗുണഭോക്താക്കൾക്ക് ലഭിക്കേണ്ട സാമ്പത്തിക സഹായം തടസ്സപ്പെടുത്തി പദ്ധതി അട്ടിമറിക്കാൻ ശ്രമം നടന്നിട്ടുണ്ടോയെന്നും വിശദമായി പരിശോധിക്കണം.

പ്രധാനമന്ത്രി ആവാസ് യോജനയിൽ ഉൾപ്പെട്ട നിരവധി കുടുംബങ്ങൾ തങ്ങൾക്ക് ആനുകൂല്യങ്ങൾ ലഭിക്കുന്നില്ലെന്ന് പരാതിപ്പെടുമ്പോൾ കേന്ദ്രത്തിൽനിന്ന് ഫണ്ട് ലഭിച്ചിട്ടില്ലെന്ന മറുപടിയാണ് പലപ്പോഴും ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ലഭിക്കുന്നത്. എന്നാൽ മഞ്ചേശ്വരത്ത് പുറത്തുവന്ന സാമ്പത്തിക ക്രമക്കേട് ഇത്തരം പരാതികൾ ഗൗരവമായി പരിശോധിക്കേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കുന്നതാണ്.

അതിനാൽ ജില്ലയിലെ മുഴുവൻ ബ്ലോക്ക് പഞ്ചായത്ത് ഓഫീസുകളെയും ബന്ധപ്പെട്ട ഗ്രാമപഞ്ചായത്തുകളെയും അന്വേഷണത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തി, പദ്ധതിയുടെ ഫണ്ട് വിനിയോഗം, ഗുണഭോക്തൃ പട്ടിക, പണം കൈമാറിയ രേഖകൾ എന്നിവ പരിശോധിക്കണം.

ഇതുമായി ബന്ധപ്പെട്ട് സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് ബന്ധപ്പെട്ട അധികാരികൾക്ക് ബിജെപി പരാതി നൽകുമെന്നും അശ്വിനി അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page