സഫാനഗറില്‍ 63 കാരനെ വധിക്കാന്‍ ശ്രമിച്ച സംഭവം; പ്രതി ഇര്‍ഷാദും സഹോദരനും ജില്ല വിട്ടു, പ്രത്യേക സംഘം അന്വേഷണം നടത്തും

കുമ്പള: പച്ചമ്പള സഫാനഗറില്‍ ഗൃഹനാഥനെ വധിക്കാന്‍ ശ്രമിക്കുകയും മറ്റു മൂന്നു പേരെ അക്രമിക്കുകയും ചെയ്ത സംഭവം ജില്ലാ പൊലീസ് ചീഫ് രൂപീകരിച്ച പ്രത്യേക സംഘം അന്വേഷിക്കും. പ്രതികളായ സഫാ നഗറിലെ ഇര്‍ഷാദ് എന്ന ലുട്ടാപ്പി, സഹോദരന്‍ ദില്‍ഷാദ് എന്നിവര്‍ ജില്ല വിട്ടതായാണ് വിവരം. വയനാട്ടിലുണ്ടെന്ന വിവരത്തെ തുടര്‍ന്ന് സിഐ ആര്‍പി അനൂപ്കൃഷ്ണ, എസ്‌ഐ എസ് അനൂപ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അവിടേയ്ക്ക് പോയി. അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ മുഹമ്മദ്(63) അപകട നില തരണം ചെയ്തിട്ടുണ്ട്. മുഹമ്മദ് മംഗളൂരുവിലെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലാണ്. നവംബര്‍ മൂന്നിന് രാത്രിയിലാണ് അക്രമം നടന്നത്. ഥാര്‍ ജീപ്പിലെത്തിയ ഇര്‍ഷാദും സഹോദരനും സഫനഗറിലെ എസ്.എ.ഷെരീഫ്, സുഹൃത്തുക്കളായ റഫീഖ്, മുഹമ്മദ്, നവാസ് എന്നിവരെ ആക്രമിക്കുകയായിരുന്നു. ഷെരീഫിന്റെ നെഞ്ചിലും, നവാസിന്റെ പള്ളയിലും, റഫീഖിന്റെ കാലിലും മുഹമ്മദിന്റെ വയറിലുമാണ് കുത്തിപ്പരിക്കേല്‍പ്പിച്ചത്. ഒന്നാം പ്രതി കത്തികൊണ്ട് കുത്തുകയും, വടിവാള്‍ വീശി രണ്ടാംപ്രതി കൊല്ലെടാ എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. ഷെരീഫിന്റെ ബൈക്ക് എടുത്തത് ചോദ്യം ചെയ്ത വിരോധത്തിലാണ് അക്രമമെന്നാണ് വിവരം. സംഭവത്തില്‍ ഇര്‍ഷാദിനെതിരെ വധശ്രമത്തിനാണ് പൊലീസ് കേസെടുത്തിട്ടുള്ളത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page