കാസര്‍കോട്: 18 വര്‍ഷത്തെ നിര്‍മാണത്തിന് ശേഷം ജില്ലാ പഞ്ചായത്ത് കോമ്പൗണ്ടില്‍ ഒരുങ്ങിയ വിക്ടിം ശില്‍പം 13 അനാച്ഛാദനം ചെയ്യും. പ്രശസ്ത ശില്‍പി കാനായിയാണ് ‘വിക്ടിം’, ‘ഫ്രീഡം’ എന്നീ ശില്‍പങ്ങള്‍ നിര്‍മിച്ചത്. 2006 ല്‍ അന്നത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.വി. ബാലകൃഷ്ണന്റെ കാലത്താണ് അമ്മയുംകുഞ്ഞുങ്ങളും (വിക്ടിം)പദ്ധതി നിര്‍ദ്ദേശിക്കപ്പെടുന്നത്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ കുട്ടികളുടെയും അവരുടെ അമ്മമാരുടെയും വേദനയാണ് ഈ ശില്പത്തിലൂടെ ആവിഷ്‌കരിച്ചിരിക്കുന്നത്. വലുതായ തലയും കൈകളുമുള്ള കുട്ടികള്‍ തങ്ങളുടെ അമ്മയെ ചേര്‍ത്തുപിടിക്കുന്ന രൂപമാണ് ഇതിന്റെ കാതല്‍. 20 ലക്ഷം രൂപയായിരുന്നു നിര്‍മാണത്തിനായി നീക്കിവെച്ചത്. തുടര്‍ന്ന് 2008-ല്‍ നിര്‍മ്മാണം ആരംഭിച്ചുവെങ്കിലും പാതിവഴിയില്‍ നിലച്ചു. 2009 ല്‍ നിര്‍മാണം നിലച്ച ശില്‍പ സമുച്ചയം നീണ്ട പത്തു വര്‍ഷത്തിനു ശേഷം 2019 ല്‍ വീണ്ടും ജീവന്‍ വെച്ചു. കോവിഡ് കാലം വന്നതോടെ വീണ്ടും നിര്‍മാണം നിലക്കുകയായിരുന്നു. പിന്നീട് പലകാരണങ്ങളാലും ഇഴഞ്ഞ നിര്‍മാണം 2025 ല്‍ വീണ്ടും ആരംഭിച്ചു.
സിമന്റും ഇഷ്ടികയും മണലും ചേര്‍ത്തു 40 അടി ഉയരത്തിലാണ് അമ്മയും കുഞ്ഞുങ്ങളും ശില്‍പം നിര്‍മിച്ചത്. ഈവര്‍ഷത്തോടെ ‘ഫ്രീഡം’ ശില്‍പത്തിന്റെയും നിര്‍മാണം പൂര്‍ത്തിയായി. ഈ ശില്‍പങ്ങള്‍ 13-ന് രാവിലെ 10.30 ന് കേരള നിയമസഭാ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അനാച്ഛാദനം ചെയ്യും. മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിനും സംഘാടകസമിതി രൂപീകരണത്തിനുമായി വെള്ളിയാഴ്ച രാവിലെ 11.30-ന് ജില്ലാ പഞ്ചായത്ത് കാര്യാലയത്തില്‍ ആലോചനാ യോഗം ചേരും.







