കുമ്പള: പിജി വിദ്യാര്‍ഥിനികള്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് വൈദ്യുത പോസ്റ്റില്‍ ഇടിച്ച് അപകടം. പോസ്റ്റ് തകര്‍ന്ന് റോഡിലും കാറിന് മുകളിലും വീണു. മൂന്നു വിദ്യാര്‍ഥിനികള്‍ക്ക് പരിക്ക്. വന്‍ ദുരന്തം ഒഴിവായി. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ ബംബ്രാണ ജങ്ഷനിലാണ് അപകടം നടന്നത്. മംഗളൂരു ദെര്‍ളക്കട്ട കെഎസ് ഹെഗ്‌ഡെ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ഥിനികളാണ് അപകടത്തില്‍ പെട്ടത്. കളത്തൂരിലെ ഒരു വിവാഹചടങ്ങില്‍ പങ്കെടുത്ത് മടങ്ങവരികയായിരുന്നു ഇവര്‍. ബംബ്രാണ ജങ്ഷനിലെത്തിയപ്പോള്‍ കാര്‍ നിയന്ത്രണം വിട്ട് വൈദ്യുത പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ പോസ്റ്റ് തകര്‍ന്ന് കാറിനു മുകളിലും റോഡിലും വീണു. വൈദ്യുതി പ്രവഹിക്കുന്ന എച്ച്.ടി ലൈനുകളും റോഡില്‍ പതിച്ചിരുന്നു. റോഡില്‍ ഈ സമയത്ത് വാഹനങ്ങളൊന്നും ഇല്ലാത്തത് ദുരന്തം ഒഴിവായി. വിവരത്തെ തുടര്‍ന്ന് കെഎസ്ഇബി ജീവനക്കാരെത്തി വൈദ്യുതി ബന്ധം വിച്ഛേദിച്ചു. അതിന് ശേഷമാണ് കാറിനകത്തുണ്ടായവര്‍ പുറത്തിറങ്ങിയത്. കാറിനുള്ളിലുണ്ടായിരുന്നവര്‍ക്ക് നിസാര പരിക്കേറ്റു. ഇവരെ കുമ്പളയിലെ ആശുപത്രിയിലേക്ക് മാറ്റി. കുമ്പള പൊലീസ് സ്ഥലത്തെത്തി.







