ഗള്‍ഫ് വ്യവസായിയെ വധിക്കാന്‍ ശ്രമിച്ചക്കേസ്: യൂട്യൂബര്‍ ഖാദര്‍ കരിപ്പൊടിയുടെ ജാമ്യപേക്ഷ കാസര്‍കോട് കോടതി തള്ളി

കാസര്‍കോട്: വധശ്രമക്കേസില്‍ റിമാന്റിലായ യൂട്യൂബര്‍ ഖാദര്‍ കരിപ്പോടിയുടെ ജാമ്യാപേക്ഷ കാസര്‍കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി തള്ളി. നഗരത്തിലെ ഒരു റെസ്റ്റോറന്റില്‍ വെച്ചുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് പ്രവാസി വ്യവസായി അബ്ദുല്‍ അഹാദിനെ ക്രൂരമായി മര്‍ദ്ദിക്കുകയും കത്തികൊണ്ട് കുത്തി കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്ത സംഭവത്തിലാണ് ഖാദര്‍ കരിപ്പൊടിയും കൂട്ടാളി അഷ്‌റഫും അറസ്റ്റിലായത്. അക്രമത്തിന് ശേഷം ഒളിവില്‍ പോയ ഖാദര്‍ അറസ്റ്റ് ഒഴിവാക്കാനായി വിവിധ കോടതികളെ സമീപിച്ച് മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചിരുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതിയും തളളിയതിനെ തുടര്‍ന്ന് കാസര്‍കോട് ടൗണ്‍ സ്‌റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു. ജൂണ്‍ 28നാണ് അക്രമം നടന്നത്. ഖാദറും മറ്റ് മൂന്ന് പേരും ചേര്‍ന്ന് അഹദിനെ നുള്ളിപ്പാടിയിലെ ഒരു റെസ്റ്റോറന്റിന് സമീപമുള്ള ഒരു സ്ഥലത്തേക്ക് പ്രലോഭിപ്പിച്ച് കൊണ്ടുപോയി ആയുധങ്ങള്‍ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. അക്രമത്തില്‍ അബ്ദുല്‍ അഹദിന്റെ മുഖത്തും കൈകാലുകളിലും ഗുരുതരമായി പരിക്കേറ്റിരുന്നു. ഇരുമ്പ് വടി, പേനക്കത്തി, ഇന്റര്‍ലോക്ക് പേവിംഗ് ബ്ലോക്കുകള്‍ എന്നിവ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്ന് ആരോപിക്കപ്പെടുന്നു. ആക്രമണം കാണിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പിന്നീട് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. കാസര്‍കോട് ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി പത്ത് ക്രിമിനല്‍ കേസുകള്‍ ഖാദര്‍ കരിപ്പൊടിക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഖാദര്‍ നടത്തുന്ന യൂട്യൂബ് ചാനലായ പബ്ലിക് കേരളയ്ക്ക് ഏകദേശം 17.9 ലക്ഷം (1.79 ദശലക്ഷം) സബ്സ്‌ക്രൈബര്‍മാരുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്. പരാതിക്കാരനായ വ്യവസായി അബ്ദുല്‍ അഹദിന് വേണ്ടി കോടതിയില്‍ ഹാജരായത് അഡ്വ.നിഖില്‍ നാരായണനായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page