കാസര്‍കോട്: ബേക്കല്‍ ബീച്ച് ഫെസ്റ്റിവല്‍ നടത്തിപ്പില്‍ അടിമുടി അഴിമതിയായിരുന്നുവെന്ന് യൂത്ത് ലീഗ് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
അഴിമതിയെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് അന്നത്തെ മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് പിണറായി സര്‍ക്കാര്‍ പൂഴ്ത്തി വച്ചതായി യൂത്ത് ലീഗ് ജില്ലാ ട്രഷറര്‍ ടി.കെ ഹസീബ്, ഉദുമ മണ്ഡലം സെക്രട്ടറിമാരായ തന്‍സീര്‍, ജൗഹര്‍ എന്നിവര്‍ ആരോപിച്ചു.
ടിക്കറ്റ് വില്‍പ്പന, ചെലവുകള്‍ തുടങ്ങി എല്ലാ ഇനത്തിലും പകല്‍ക്കൊള്ളയായിരുന്നെന്ന് അവര്‍ പറഞ്ഞു.
ഒരേ ഫെസ്റ്റിന്റെ ടിക്കറ്റ് വില്‍പ്പന വരുമാനം അഞ്ചു രേഖകളില്‍ അഞ്ചു തരത്തിലാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്ന് അവര്‍ എടുത്തുകാട്ടി.
ആദ്യ എഡിഷന്‍ ബീച്ച് ഫെസ്റ്റ് ടിക്കറ്റ് വില്‍പ്പന സംബന്ധിച്ചു ജിഎസ്ടി വകുപ്പ് രേഖപ്പെടുത്തിയ കണക്കില്‍ ടിക്കറ്റ് വരുമാനം 1,62,97,101 രൂപ എന്ന് രേഖപ്പെടുത്തിയപ്പോള്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് തയ്യാറാക്കിയ സ്‌റ്റേറ്റ്‌മെന്റില്‍ 1,43,657,51 രൂപയേയുള്ളു. അതേ കണക്ക് ടൂറിസം വകുപ്പിന്റെ ആഭ്യന്തര അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടില്‍ 1,56,37,201 രൂപയായി. അതേ സമയം പള്ളിക്കര സര്‍വ്വീസ് സഹകരണ ബാങ്കിലെ സംഘാടക സമിതിയുടെ അക്കൗണ്ടിലെ ടിക്കറ്റ് വില്‍പ്പന വരവ് കേവലം 47,66,154 രൂപയേ ഉള്ളു. എന്നാല്‍ സംഘാടക സമിതിയുടെ ഡേ ബുക്കിലെ കണക്കില്‍ 1,37,29,036 രൂപയുണ്ട്.
ഒരു ഉത്സവത്തിന്റെ കണക്ക് പ്രധാനപ്പെട്ട ഏജന്‍സികള്‍ എഴുതിക്കൂട്ടുമ്പോള്‍ ഇത്തരത്തില്‍ പല തരത്തിലാവുന്നത് എങ്ങനെയാണെന്ന് വാര്‍ത്താ സമ്മേളനത്തില്‍ അവര്‍ ആരാഞ്ഞു.
ഈ കണക്കില്‍ ഏതാണു ശരിയെന്നു ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള ഉത്തരവാദിത്വം മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയനും പിണറായി സര്‍ക്കാരിനുമുണ്ടായിരുന്നെങ്കിലും അവര്‍ ഇതു സംബന്ധിച്ചു നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് പൂഴ്ത്തി വയ്ക്കുകയായിരുന്നു- ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി.
സ്പോണ്‍സര്‍ഷിപ്പ് ഇനത്തില്‍ ബാങ്ക് ഓഫ് ബറോഡയില്‍ നിന്നും കാസര്‍കോട് സിറ്റി ഗോള്‍ഡില്‍ നിന്നും ലഭിച്ച 10 ലക്ഷം രൂപ വീതവും ഇവന്റ് മാനേജ്മെന്റ് കരാര്‍ പ്രകാരം ലഭിക്കേണ്ട 25 ലക്ഷം രൂപയും ഉള്‍പ്പെടെ 45 ലക്ഷം രൂപ വരുമാനത്തിന്റെ കണക്കില്‍ കാണുന്നില്ലെന്നു ടൂറിസം അഡീഷണല്‍ സെക്രട്ടറി ജഗദീഷിന്റെ നേതൃത്വത്തില്‍ നിയോഗിച്ച അന്വേഷണ സമിതി ചൂണ്ടിക്കാട്ടിയിരുന്നു. അതു എലി കരണ്ടു തിന്നതായിരിക്കുമോ എന്നു പോലും ബന്ധപ്പെട്ടവര്‍ വെളിപ്പെടുത്തിയിട്ടില്ല. ഈ തുക ഏത് അക്കൗണ്ടിലേയ്ക്കാണ് പോയതെന്നു വ്യക്തമാക്കണമെന്ന് അവര്‍ ആവശ്യമുന്നയിച്ചു.
ബേക്കല്‍ ബീച്ച് ഫെസ്റ്റിവലിനു സംഘാടക സമിതിക്കു സമാന്തരമായി മറ്റൊരു സംവിധാനവും ഏര്‍പ്പെടുത്തിയിരുന്നതായി യൂത്ത് ലീഗ് ഭാരവാഹികള്‍ പറഞ്ഞു. മുന്‍ എം എല്‍ എ സി എച്ച് കുഞ്ഞമ്പു ചെയര്‍മാനും മുന്‍ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ മണികണ്ഠന്‍ സെക്രട്ടറിയും ബി ആര്‍ ഡി സി മാനേജിംഗ് ഡയറക്ടര്‍ ഷിജിന്‍ പറമ്പത്ത് ട്രഷററായും 2022 ഒക്ടോബര്‍ 28നു ബേക്കല്‍ ടൂറിസം പ്രൊമോഷന്‍ സൊസൈറ്റി എന്ന പേരില്‍ ഒരു സൊസൈറ്റി രൂപീകരിച്ചു. ഉദുമ, പള്ളിക്കര, അജാനൂര്‍ ഗ്രാമപഞ്ചായത്തു പ്രസിഡന്റുമാരും പള്ളിക്കര സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റും ആയിരുന്നു സൊസൈറ്റി അംഗങ്ങള്‍. ഇവര്‍ സി പി എം ഭാരവാഹികളുമായിരുന്നു. ബേക്കല്‍ ടൂറിസം പ്രൊമോഷന്‍ സൊസൈറ്റിയുടെ പേരില്‍ പഞ്ചാബ് നാഷണല്‍ ബാങ്ക് പള്ളിക്കര ശാഖയില്‍ അക്കൗണ്ട് തുറന്നു ബീച്ച് ഫെസ്റ്റ് സംഘാടക സമിതിക്കു സമാന്തരമായി പ്രവര്‍ത്തിക്കുകയും ചെയ്തുവെന്ന് ഇവര്‍ പറഞ്ഞു.
ബിആര്‍ഡിസി മാനേജിംഗ് ഡയറക്ടര്‍ മുഖ്യസംഘാടക ചുമതല ഏറ്റെടുക്കണമെന്നായിരുന്നു 2022 സെപ്തംബര്‍ 28ന് ചേര്‍ന്ന ബിആര്‍ഡിസിയുടെ 92-ാമത് ബോഡ് യോഗം തീരുമാനിച്ചത്. ഈ യോഗത്തില്‍ 14-ാം ഇനമായാണ് ആദ്യ ബേക്കല്‍ ബീച്ച് ഫെസ്റ്റിവല്‍ നടത്താന്‍ തീരുമാനിച്ചത്.
ബിആര്‍ഡിസി, ടൂറിസംവകുപ്പ്, തദ്ദേശസ്ഥാപനങ്ങള്‍, കുടുംബശ്രീ, ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ഫെസ്റ്റിവല്‍ സംഘടിപ്പിക്കാനായിരുന്നു ഈ യോഗത്തിന്റെ തീരുമാനം.
2022 നവംബര്‍ 10ന് ബേക്കല്‍ ഫെസ്റ്റിവല്‍ നടത്താന്‍ സര്‍ക്കാര്‍ അനുവദിച്ചു. 10.10 ലക്ഷം രൂപ സാമ്പത്തിക സഹായവും അനുവദിച്ചു.
എന്നാല്‍ സര്‍ക്കാര്‍ ഉത്തരവോ ബിആര്‍ഡിസിയുടെ ഔദ്യോഗിക തീരുമാനമോ ഇല്ലാതെയാണ് കുഞ്ഞമ്പു ചെയര്‍മാനായതെന്നും ആരാണ് ഈ ചുമതല കുഞ്ഞമ്പുവിനെ ഏല്‍പ്പിച്ചതെന്നും വരവ് ചെലവ് കൈകാര്യം ചെയ്യാന്‍ അനുമതി നല്‍കിയതാരാണെന്നും യൂത്ത് ലീഗ് ഭാരവാഹികള്‍ ആരാഞ്ഞു. ഇതെന്തിനു വേണ്ടിയായിരുന്നുവെന്നു അന്നത്തെ മുഖ്യമന്ത്രിയോട് ചോദിച്ചെങ്കിലും അദ്ദേഹം മുഖം കടുപ്പിച്ചിരിക്കുകയായിരുന്നെന്നു സൂചിപ്പിച്ചു.







