കുമ്പള: ഇടവേളയ്ക്ക് ശേഷം ഷിറിയ പുഴയില്‍ നിന്ന് അനധികൃതമായി മണല്‍ കടത്ത് നടത്തുന്ന സംഘം സജീവമായി. മണല്‍ക്കടത്ത് മാഫിയയ്‌ക്കെതിരെ കര്‍ശന നടപടിയുമായി കുമ്പള പൊലീസും രംഗത്തിറങ്ങി. പാച്ചാണി ക്ഷേത്രത്തിന് സമീപത്തെ അനധികൃത കടവില്‍ റെയ്ഡ് നടത്തി. കടവിലുണ്ടായിരുന്ന രണ്ട് തോണികള്‍ പുഴയില്‍ നിന്ന് പുറത്തെടുത്ത് മണ്ണ് മാന്ത്രി യന്ത്രം ഉപയോഗിച്ച് തകര്‍ത്തു. ചൊവ്വാഴ്ച വൈകീട്ട് സിഐ ആര്‍പി അനൂപ് കൃഷ്ണ, എസ് ഐ എസ് അനൂപ്, എഎസ്‌ഐ അതുല്‍റാം എന്നിവരുടെ നേതൃത്വത്തിലാണ് റെയ്ഡ് നടന്നത്. ഷിറിയ പുഴയില്‍ അനധികൃത മണല്‍ക്കടത്ത് സജീവമായതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. കല്‍പാറ, ഇച്ചിലംകോട്, ഉളുവാര്‍, ഒളയം ഭാഗങ്ങളിലാണ് അനധികൃത കടവുകള്‍ പ്രവര്‍ത്തിക്കുന്നത്. ഇത്തരം മാഫിയ സംഘങ്ങളെ തുടച്ചു നീക്കാനാണ് പൊലീസ് ശ്രമിക്കുന്നത്. സൈബര്‍ സെല്‍ സഹായത്തോടെ മണല്‍ക്കടത്തുകാരുടെ മൊബൈലുകള്‍ നിരീക്ഷിക്കാനാണ് പൊലീസ് ഉദ്ദേശിക്കുന്നത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഉളുവാറില്‍ നടന്ന റെയ്ഡില്‍ മണല്‍ക്കടത്ത് പിടികൂടിയിരുന്നു. പിടിയിലായ അബ്ദുല്‍ ജലീലിനെ റിമാന്റുചെയ്തിരുന്നു.







