കുമ്പള: കുമ്പളയിലെ ബസ് ജീവനക്കാര്‍ക്കുമുണ്ട് വിശാലമായ ഒരു മനസ്സ്. രോഗികള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കുമൊക്കെ ‘കാരുണ്യ യാത്രകള്‍’ നടത്തിയ സ്വകാര്യ ബസ് ജീവനക്കാര്‍ കുമ്പളയിലെ ട്രെയിന്‍ യാത്രക്കാര്‍ക്കായി നടത്തുന്ന ‘സഹായ യാത്ര’ പ്രശംസനീയമാവുന്നു.
രാവിലെ മുള്ളേരിയ, ബദിയടുക്ക, സീതാംഗോളി ഭാഗത്തുനിന്ന് വരുന്ന സ്വകാര്യ ബസ്സുകള്‍ നിറയെ യാത്രക്കാരുമായിട്ടാണ് കുമ്പളയിലെത്തുന്നത്. പ്രസ്തുത ബസ്സില്‍ വരുന്ന യാത്രക്കാരേറേയും കോളേജ് വിദ്യാര്‍ത്ഥികളും രോഗികളും വ്യാപാരികളുമാണ്. ട്രെയിന്‍ യാത്രയെ ആശ്രയിക്കുന്ന ഈ യാത്രക്കാരെ റെയില്‍വേ സ്റ്റേഷനു മുന്നിലെ അടിപ്പാതയില്‍ കൊണ്ടിറക്കി ബസ് ജീവനക്കാര്‍ സഹായിക്കും. ഇത് യാത്രക്കാര്‍ക്ക് ഏറെ ഉപകാരപ്രദവുമാണ്. നേരെ മറിച്ച് ഇവരെ ടൗണിലെ ബസ് ഷെല്‍ട്ടറുകളില്‍ ഇറക്കുകയാണെങ്കില്‍ അര കിലോമീറ്ററെങ്കിലും നടന്ന് റെയില്‍വേ സ്റ്റേഷനിലേക്ക് പോകണം. രോഗികളാകുമ്പോള്‍ അതൊരു ബുദ്ധിമുട്ടുമാണ്. ട്രെയിന്‍ സമയം കഴിഞ്ഞാലും ഇവര്‍ക്ക് പ്രയാസമുണ്ടാകും.
നിരാലംബരായ മനുഷ്യരെ സഹായിക്കാനും ഗുരുതര രോഗം ബാധിച്ചവരുടെ ചികിത്സാഫണ്ട് കണ്ടെത്തുന്നതിനും പലപ്പോഴും ബസ് ജീവനക്കാര്‍ പ്രത്യേക സര്‍വീസുകള്‍ നടത്താറുണ്ട്. ഈ കാരുണ്യ പ്രവര്‍ത്തനം കേരളക്കരയില്‍ ഉടനീളം ഏറെ പ്രശംസ പിടിച്ചു പറ്റിയ പ്രവര്‍ത്തനമായിരുന്നു. കുമ്പളയിലെ ‘സഹായ യാത്രയും’ പ്രസ്തുത ഗണത്തില്‍ പെടുത്താവുന്നതാണ്.
കുമ്പള ടൗണിലെ ട്രാഫിക് പരിഷ്‌കരണം വലിയ വിവാദമായി തുടരുന്നതിനിടയിലാണ് ബസ് ജീവനക്കാരുടെ ഈ ‘സഹായ യാത്ര’ എന്നത് ഏറെ ശ്രദ്ധേയമാണ്.







