കാസര്‍കോട്: നീലേശ്വരം അഴിത്തലയിലെ പത്താംക്ലാസ് വിദ്യാര്‍ഥി നീരജ് സന്തോഷ് തൂങ്ങിമരിച്ചത് സ്‌കൂളിലെ അധ്യാപകരുടെ മാനസിക പീഡനം കാരണമെന്ന് ആരോപണം. മരണത്തില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച് പിതാവ് സന്തോഷും കുടുംബവും കാഞ്ഞങ്ങാട് ഡിവൈ.എസ്.പിയ്ക്ക് പരാതി നല്‍കി. സ്‌കൂളില്‍ വെച്ചുണ്ടായ ചില മാനസിക സംഘര്‍ഷങ്ങളെത്തുടര്‍ന്നാണ് വിദ്യാര്‍ത്ഥി ജീവനൊടുക്കിയത് എന്നാണ് കുടുംബത്തിന്റെ ആരോപണം. ചെറുവത്തൂര്‍ ടെക്കനിക്കല്‍ സ്‌കൂളിലെ പത്താംതരം വിദ്യാര്‍ഥിയാണ് നീരജ്. കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയ്ക്കാണ് നീരജ് വീട്ടില്‍ തൂങ്ങിമരിച്ചത്. മരിക്കുന്നതിന് മുമ്പ് ആരോ ഫോണ്‍ചെയ്തതായും അതുപ്രകാരം ടൗണിലേക്ക് പോയെന്നും പിന്നീട് തിരിച്ചുവന്നാണ് ആത്മഹത്യചെയ്തതെന്നും പിതാവ് പറയുന്നു. സ്‌കൂളില്‍ അധ്യാപകര്‍ മാനസികമായി പീഡിപ്പിച്ചിരുന്നു. ഒരുപെണ്‍കുട്ടിയുമായി ബന്ധമുള്ളതിന്റെ പേരിലായിരുന്നു പീഡനം. ഇതിന്റെ പേരില്‍ ഒരധ്യാപകന്‍ രാവിലെ മുതല്‍ വൈകുന്നേരം വരെ സ്‌കൂളിലെ സ്റ്റോര്‍ റൂമില്‍ ഇരുത്തിയെന്നും പരാതിയില്‍ പറയുന്നു. ഇതിന് ശേഷം വീട്ടിലെത്തിയ നീരജ് അധികം ആരോടും സംസാരിക്കാന്‍ തയ്യാറായില്ല. കാര്യമന്വേഷിച്ചിട്ടും വീട്ടുകാരോട് ഒന്നും തുറന്ന് പറഞ്ഞില്ല. തിങ്കളാഴ്ച ആരോ അടിച്ചിരുന്നു. അടികൊണ്ട പാട് മുഖത്തുണ്ടായിരുന്നു. മകന്റെ മരണത്തിലെ ദുരൂഹത പുറത്തുകൊണ്ടുവരണമെന്നും കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി കൈക്കൊളളണമെന്നും പരാതിയില്‍ പറയുന്നു. സംഭവത്തില്‍ നീലേശ്വരം പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.







