കാസര്‍കോട്: മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തില്‍ പിഎംഎവൈ പദ്ധതി ഫണ്ടില്‍ തിരിമറി നടത്തി സീനിയര്‍ ക്ലര്‍ക്ക് 17 ലക്ഷത്തോളം രൂപ തട്ടിയെടുത്തതായി പരാതി. സംഭവത്തില്‍ തൃശൂര്‍ അത്താണി സ്വദേശി സിഎന്‍ രാമദാസി(43)നെതിരെ മഞ്ചേശ്വരം പൊലീസ് കേസെടുത്തു. സെക്രട്ടറി കെ ഹരീഷിന്റെ പരാതിയിലാണ് കേസെടുത്തത്. കഴിഞ്ഞ സപ്തംബര്‍ 24നും ഒക്ടോബര്‍ 31 നും ഇടയിലുള്ള സമയത്താണ് പദ്ധതി ഫണ്ടില്‍ ക്രമക്കേട് നടത്തിയത്. 57 ഗുണഭോക്താക്കള്‍ക്ക് ഫണ്ട് നല്‍കുന്നതിനായി ട്രഷറിയില്‍ സമര്‍പ്പിച്ച ബില്ലില്‍ 15 പേര്‍ക്ക് ലഭിക്കേണ്ട ഫണ്ട് സ്വന്തം അക്കൗണ്ടിലേക്ക് മാറ്റുകയായിരുന്നു. 16,80,000 രൂപയാണ് രാമദാസിന്റെ പല അക്കൗണ്ടുകളിലേക്ക് മാറ്റിയത്. സംശയം തോന്നിയ സെക്രട്ടറി ക്ലര്‍ക്കിനോട് കാര്യമന്വേഷിച്ചപ്പോഴാണ് തട്ടിപ്പ് പുറത്തായത്. തുടര്‍ന്നാണ് സെക്രട്ടറി പൊലീസില്‍ പരാതി നല്‍കിയത്. പണിഷ്മെന്റ് ട്രാന്‍സ്ഫറായാണ് രാമദാസിനെ മഞ്ചേശ്വരത്തേയ്ക്ക് സ്ഥലം മാറ്റിയിരുന്നത്.







