കാസര്‍കോട്: കുറ്റിക്കോലിലെ സഹകരണ സംഘത്തില്‍ നിന്നും 9,73,999 രൂപ തട്ടിയെടുത്തതായി പരാതി. സൊസൈറ്റി സെക്രട്ടറിയുടെ പരാതിയില്‍ കരിവേടകം നെല്ലിത്താവിലെ ബി ഉണ്ണികൃഷ്ണനെ(46)തിരെ പൊലീസ് കേസെടുത്തു. ഉണ്ണികൃഷ്ണന് അംഗമായ കുറ്റിക്കോലിലെ അഗ്രികള്‍ച്ചറിസ്റ്റ് വെല്‍ഫെയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയില്‍ ആണ് സാമ്പത്തിക ക്രമക്കേട് നടത്തിയത്. കഴിഞ്ഞ ഫെബ്രുവരി 18 മുതല്‍ മാര്‍ച്ച് 18 വരെയുള്ള ഒരു മാസത്തിനിടെ 15 തവണകളായി പല വ്യക്തികളില്‍ നിന്നും പണം അയപ്പിച്ച് പിന്‍വലിപ്പിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് സൊസൈറ്റിയുടെ അക്കൗണ്ട് ലീന്‍ ആയി. ഇതുവഴി 9,73,999 രൂപയുടെ നഷ്ടം വരുത്തി സൊസൈറ്റിയെ ചതിച്ചുവെന്ന് സെക്രട്ടറി സി അനില്‍കുമാറിന്റെ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ ബേഡകം പൊലീസ് അന്വേഷണം ആരംഭിച്ചു.







