തോൽവിയുടെ ഉത്തരവാദിത്തം എസ്.ഐ.ആറിൽ ചാർത്തി മുഖം രക്ഷിക്കാൻ കോൺഗ്രസ് ശ്രമം: ഉല്ലാസ് ബാബു

നീലേശ്വരം: ജനപിന്തുണ പൂർണമായും നഷ്ടപ്പെട്ടുവെന്ന തിരിച്ചറിവാണ് എൺപതിലേറെ തെരഞ്ഞെടുപ്പ് തോൽവികളുടെ ഉത്തരവാദിത്തം എസ്.ഐ.ആർ പ്രക്രിയയുടെ മേൽ ചുമത്തി ഡൽഹിയിൽ തെരുവിലിറങ്ങി സമരം നടത്താൻ കോൺഗ്രസ്, സി.പി.എം ഉൾപ്പെടെയുള്ള പാർട്ടികളെ പ്രേരിപ്പിക്കുന്നതെന്ന് ബിജെപി സംസ്ഥാന കമ്മിറ്റി അംഗം ഉല്ലാസ് ബാബു പറഞ്ഞു. സി.പി.എമ്മിന്റെ അരാജകത്വത്തിനും അക്രമത്തിനും അഴിമതി രാഷ്ട്രീയത്തിനുമെതിരെ ബിജെപി കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നീലേശ്വരം മുൻസിപ്പാലിറ്റി, മടിക്കൈ പഞ്ചായത്തുകളുടെ അതിർത്തിയായ ചതുരക്കിണറിൽ സംഘടിപ്പിച്ച പ്രതിഷേധ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മോക്ക് പാർലമെന്റ് നടത്തി സ്വയം പരിഹാസ്യരാവുകയാണ് കോൺഗ്രസ്. കേരളത്തിൽ പരസ്പരം പോരടിക്കുന്ന കോൺഗ്രസും സി.പി.എമ്മും ഡൽഹിയിലെ തെരുവുകളിൽ ഒരുമിച്ച് സമരം ചെയ്യുകയാണ്. നിയമനങ്ങൾ വൈകുന്നതിനെതിരെ പി.എസ്.സി റാങ്ക് ലിസ്റ്റ് ഹോൾഡേഴ്‌സ് നടത്തുന്ന സമരത്തെ കണ്ടില്ലെന്ന് നടിക്കുകയാണ് കേരളത്തിലെ ഭരണപക്ഷവും പ്രധാന പ്രതിപക്ഷവും. കേരളത്തിലെ വിവിധ ജനകീയ വിഷയങ്ങൾ ചർച്ചയാകരുതെന്നാണ് ഇരുപാർട്ടികളും ആഗ്രഹിക്കുന്നത്. കേന്ദ്രസർക്കാരിൻ്റെ വയോജന ഇൻഷുറൻസ്, ജൽ ജീവൻ മിഷൻ പോലുള്ള പദ്ധതി നടപ്പാക്കാതെ പിണറായി വിജയൻ്റെ അതേ പാതയിലാണ് വി.ഡി. സതീശനും.

റഫേൽ കരാർ, ഇ.വി.എം വോട്ട് ചോരി തുടങ്ങിയ വിഷയങ്ങൾ ഉയർത്തി ജനങ്ങൾക്കിടയിൽ മോദി സർക്കാരിനെതിരെ പ്രചരണം നടത്തിയ ഇന്ത്യാ മുന്നണി ദയനീയമായി പരാജയപ്പെട്ടു. പ്രത്യേക വോട്ടർ പരിഷ്കരണം തെറ്റാണെന്ന് ഉറപ്പുണ്ടെങ്കിൽ രാജി വെക്കാൻ യുഡിഎഫ് മന്ത്രി സഭ തയ്യാറാകണം.

ബംഗാളിൽ നിന്നും ത്രിപുരയിൽ നിന്നും പാഠം പഠിക്കാൻ സി.പി.എം തയ്യാറാകണം. കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് നേരിടുന്ന പ്രതിസന്ധിയിൽ നിന്ന് കരകയറാനും അണികളെ ചേർത്ത് നിർത്താനും രാഷ്ട്രീയ എതിരാളികളെ ആക്രമിക്കാനുള്ള നീക്കമാണ് സിപിഎം നടത്തുന്നത്. ആയിരക്കണക്കിന് എംഎൽഎമാരും ഇരുന്നൂറിലേറെ എംപിമാരുമുള്ള പാർട്ടിയെ ആൾക്കൂട്ട അരാജകത്വം നടത്തി ഭയപ്പെടുത്താമെന്നത് വെറും വ്യാമോഹം മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു.

ബിജെപി കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ് പ്രശാന്ത് സൗത്ത് അധ്യക്ഷത വഹിച്ചു.

ബിജെപി കണ്ണൂർ മേഖല പ്രസിഡന്റ് കെ. ശ്രീകാന്ത്, ബിജെപി ജില്ലാ പ്രസിഡന്റ് എം.എൽ. അശ്വിനി, സംസ്ഥാന കമ്മിറ്റി അംഗം എ. വേലായുധൻ, ജില്ലാ ജനറൽ സെക്രട്ടറിമാരായ പി.ആർ. സുനിൽ, മനുലാൽ മേലത്ത്, ജില്ലാ വൈസ് പ്രസിഡന്റുമാരായ എം. ബൽരാജ്, എച്ച്.ആർ. സുകന്യ, കാഞ്ഞങ്ങാട് മണ്ഡലം ജനറൽ സെക്രട്ടറിമാരായ പദ്മനാഭൻ അടുക്കം, ബിജി ബാബു, നീലേശ്വരം മണ്ഡലം പ്രസിഡന്റ് സാഗർ ചാത്തമത്ത്, ബിജെപി മടിക്കൈ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എം. പ്രകാശൻപ്രസംഗിച്ചു.

സിപിഎമ്മിൽ നിന്നു ബിജെപിയിൽ ചേർന്ന നിരവധി പ്രവർത്തകരെ എംഎൽ അശ്വിനി ഷാൾ അണിയിച്ച് സ്വീകരിച്ചു. കൂലോം റോഡിൽ നിന്നും ആരംഭിച്ച് ചതുരകിണറിൽ സമാപിച്ച പ്രകടനത്തിൽ നൂറു കണക്കിന് പ്രവർത്തകർ പങ്കെടുത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page