കാസര്‍കോട്: പച്ചമ്പള സഫനഗറില്‍ ഗൃഹനാഥന് കുത്തേറ്റു. ഗുരുതരമായി പരിക്കേറ്റ ഇയാളെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 63 കാരനായ മുഹമ്മദിനാണ് കുത്തേറ്റത്. അക്രമിച്ച സഫനഗറിലെ ഇര്‍ഷാദ് എന്ന ലുട്ടാപ്പി ഒളിവില്‍ പോയി. ബുധനാഴ്ച പുലര്‍ച്ചെ ഒരുമണിയോടെയാണ് അക്രമമുണ്ടായത്. വീട്ടില്‍ ഉറങ്ങുകയായിരുന്ന മുഹമ്മദിനെ വിളിച്ചിറക്കിയാണ് കുത്തിപ്പരിക്കേല്‍പ്പിച്ചത്. ബഹളം കേട്ടെത്തിയ നാട്ടുകാര്‍ ഉടന്‍ മുഹമ്മദിനെ ആശുപത്രിയിലെത്തിച്ചു. വിവരത്തെ തുടര്‍ന്ന് കുമ്പള സിഐ ആര്‍പി അനൂപ് കൃഷ്ണ, എസ്.ഐ എസ് അനൂപ് എന്നിവര്‍ സംഭവസ്ഥലത്തെത്തി. ഒളിവില്‍ പോയ പ്രതിക്കായി തെരച്ചില്‍ ആരംഭിച്ചു. കാപ്പാ കേസിലെ പ്രതിയാണ് ഇര്‍ഷാദ്. അടുത്തിടേയാണ് യുവാവ് ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്. ഇയാള്‍ അക്രമം നടത്താന്‍ സാധ്യതയുണ്ടെന്ന് സൂചിപ്പിച്ച് നാട്ടുകാര്‍ പൊലീസിന് വിവരം നല്‍കിയിരുന്നു.







