ഗുവാഹത്തി: അസമില്‍ അഞ്ച് പേരെ വെടിവച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പൊലീസ് നടത്തിയ വെടിവയ്പില്‍ കൊല്ലപ്പെട്ടു. ഗുവാഹത്തിയിലെ ഹോട്ടല്‍ ബിലാസില്‍ ഒക്ടോബര്‍ 26 ന് അഞ്ചുപേരെ വെടിവച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ അറസ്റ്റിലായ ഘനകാന്ത ഗൊഗോയ് (34)ആണ് കൊല്ലപ്പെട്ടത്. പ്രതിയെ ബുധനാഴ്ച പുലര്‍ച്ചെ ശിവസാഗര്‍ ജില്ലയിലെ ജയിലിലേക്ക് സ്ഥലം മാറ്റുന്നതിനിടെയാണ് സംഭവം. രക്ഷപ്പെടാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് പൊലീസ് വെടിവച്ചതെന്നാണ് വിവരം. ഘനകാന്ത ഗൊഗോയുടെ മരണ വിവരം പൊലീസ് സൂപ്രണ്ട് പപോരി ചേതിയ സ്ഥിരീകരിച്ചു. കഴിഞ്ഞ തിങ്കളാഴ്ച ഏഴ് ദിവസത്തെ കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് പ്രതിയെ സെന്‍ട്രല്‍ ജയിലിലേക്ക് അയച്ചിരുന്നു. വാഹനത്തില്‍ കൊണ്ടുപോകുമ്പോള്‍ ഇടയ്ക്കു നിര്‍ത്താന്‍ ആവശ്യപ്പെട്ടു. വാഹനത്തില്‍ നിന്ന് ഇറങ്ങിയ ഉടന്‍ അടുത്തുണ്ടായിരുന്ന പൊലീസുകാരനെ ആക്രമിച്ച് തോക്ക് പിടിച്ചെടുത്ത് വെടിവെച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. പൊലീസിന് നേരെ മൂന്ന് റൗണ്ട് വെടിവെച്ചതോടെ പൊലീസ് പ്രതിക്കുനേരെ വെടിയുതിര്‍ക്കുകയായിരുന്നു. അതേസമയം, ഗൊഗോയി നടത്തിയ വെടിവയ്പ്പില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥന് കാലില്‍ പരിക്കേറ്റെന്നും രണ്ട് വെടിയുണ്ടകള്‍ പൊലീസ് വാഹനത്തില്‍ പതിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. വെടിയേറ്റ പ്രതിയെ കീഴ്‌പ്പെടുത്തി ആശുപത്രിയിലേക്കു കൊണ്ടുവന്നെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സ്വത്ത് തര്‍ക്കത്തിന്റെ പേരിലാണ് ഗൊഗോയ് ഒക്ടോബര്‍ 26 ന് ഹോട്ടല്‍ ബിലാസില്‍ കയറി വെടിവച്ചത്. തോക്കുപയോഗിക്കാന്‍ പരിശീലനം ലഭിച്ച ഷാര്‍പ്പ് ഷൂട്ടറാണ് ഗോഗോയി എന്നാണ് പൊലീസ് വിശേഷിപ്പിക്കുന്നത്.








