കാസര്‍കോട്: ചെന്നൈയില്‍ 164 ഗ്രാം എംഡിഎംഎ പിടികൂടിയ കേസില്‍ ഉപ്പള സ്വദേശികളായ രണ്ട് പേര്‍ അറസ്റ്റില്‍. ഉപ്പള, ഫിര്‍ദൗസ് നഗര്‍, ആന്‍സിഫ് മന്‍സിലിലെ മുഹമ്മദ് ഹന്‍സുദ്ദീന്‍ (25), മണ്ണംകുഴി, കോടിബയലിലെ സാഹിദ് (25) എന്നിവരെയാണ് ചെന്നൈ, ചെട്ട്‌പോട്ട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ തിരുമലയും സംഘവും അറസ്റ്റു ചെയ്തത്. മഞ്ചേശ്വരം പൊലീസിന്റെ സഹായത്തോടെ ഇന്നലെ (തിങ്കള്‍) രാത്രിയാണ് ഇരുവരെയും അറസ്റ്റു ചെയ്തത്.
2026 ആഗസ്റ്റ് എട്ടിനാണ് അറസ്റ്റിനാസ്പദമായ സംഭവം. 164 ഗ്രാം എംഡിഎംഎയുമായി കന്യാകുമാരി, പുതുക്കളിവിളയിലെ മണികണ്ഠ(41)നെ ചെട്ട് പോട്ട് പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ഇയാളെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ഉപ്പള സ്വദേശികളാണ് എംഡിഎംഎ കൈമാറിയതെന്ന് മൊഴി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് തമിഴ്‌നാട് പൊലീസ് സംഘം ഇന്നലെ മഞ്ചേശ്വരത്ത് എത്തിയത്. നൈജീരിയന്‍ സ്വദേശിയാണ് തങ്ങള്‍ക്ക് മയക്കുമരുന്നു നല്‍കിയതെന്നാണ് അറസ്റ്റിലായ ഉപ്പള സ്വദേശികള്‍ പൊലീസിനു മൊഴി നല്‍കിയത്. കൂടുതല്‍ അന്വേഷണത്തിനായി ഇരുവരുടെയും ചെന്നൈയിലേക്ക് കൊണ്ടു പോയി.







