കൊല്ലം: മകളും ഭര്‍ത്താവും തമ്മിലുള്ള പ്രശ്‌നം പരിഹരിക്കാനെത്തിയ 65 കാരി മരുമകന്റ അടിയേറ്റ് കൊല്ലപ്പെട്ടു. കൊല്ലം ശാസ്താംകോട്ടയിലാണ് സംഭവം. മൈനാഗപ്പള്ളി സ്വദേശി ശിവനെ പൊലീസ് അറസ്റ്റ് ചെയ്തു. ഭരണിക്കാവ് ബസ് സ്റ്റാന്‍ഡിനു സമീപം പനപ്പെട്ടി ചിറയില്‍ പടിഞ്ഞാറ്റതില്‍ ശ്യാമള (65) ആണ് കൊല്ലപ്പെട്ടത്. ഞായറാഴ്ചയാണ് ശിവന്‍ ശ്യാമളയെ ആക്രമിച്ചത്. മകളും ഭര്‍ത്താവും തമ്മിലുള്ള വഴക്ക് പരിഹരിക്കാന്‍ എത്തിയപ്പോഴാണ് ശ്യാമളക്ക് നേരെ ആക്രമണം ഉണ്ടായത്. ശിവനും ഭാര്യ രജനിയും മുതുപിലാക്കാട്ടാണ് താമസം. മദ്യപിച്ചെത്തുന്ന ശിവന്‍ ഭാര്യയുമായി വാക്കേറ്റവും അക്രമവും നടത്തുന്നത് പതിവായിരുന്നു. ശല്യം സഹിക്കാനാകാതെ രജനി ഞായറാഴ്ച വൈകിട്ട് മാതാവിന്റെ വീട്ടിലെത്തിയിരുന്നു. ഇതറിഞ്ഞ് പിന്നാലെ ശിവന്‍ ശ്യാമളയുടെ വീട്ടിലെത്തി. രജനിയെ കണ്ടതോടെ വഴക്കാരംഭിച്ചു. അക്രമാസക്തനായതോടെ ശിവനില്‍ നിന്ന് രക്ഷപ്പെടാന്‍ ഇരുവരും അടുത്തവീട്ടിലേക്ക് ഓടി. പിന്നാലെ വന്ന ശിവന്‍ ഒരു തടിക്കഷണം ഉപയോഗിച്ച് രജനിയെ അടിക്കാന്‍ ശ്രമിച്ചു. തടയാനെത്തിയ ശ്യാമളയെ ശിവന്‍ അടിച്ചുവീഴ്ത്തി. അക്രമത്തില്‍ തല പിളര്‍ന്ന് ഗുരുതരാവസ്ഥയിലായ ശ്യാമളയെ നാട്ടുകാരും ബന്ധുക്കളും ചേര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്. പിന്നീട് പരിക്ക് ഗുരുതരമായതിനാല്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. വെന്റിലേറ്ററിലായിരുന്ന ശ്യാമള ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെ മരിച്ചു. ഞായറാഴ്ച തന്നെ ശിവനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.








