ജലസമൃദ്ധമായ കുഴല്‍ക്കിണറും കുളവുമുള്ള പറമ്പില്‍ വീണ്ടും മൂന്നു കുഴല്‍ കിണറുകള്‍; അധികൃതരെ പരാതി അറിയിച്ചു 10 മിനിറ്റിനുള്ളില്‍ കുഴല്‍ക്കിണര്‍ ലോറി സ്ഥലം വിട്ടു

കാസര്‍കോട്: പ്രകൃതി ചൂഷണം ജില്ലയില്‍ തകൃതിയിലായിരിക്കുന്നു.

കര്‍ണ്ണാടക അതിര്‍ത്തിക്കടുത്ത ബള്ളൂര്‍ പഞ്ചായത്ത് രണ്ടാം വാര്‍ഡിലെ ബജയില്‍ ഇന്നലെ രാത്രി എത്തിയ രണ്ടു കുഴല്‍ക്കിണര്‍ ലോറികള്‍, ജലസമൃദ്ധമായ കുഴല്‍ കിണറും കുളവുമുള്ള പറമ്പില്‍ മറ്റു രണ്ടു കുഴല്‍ക്കിണറുകള്‍ കുഴിച്ചു. രണ്ടിലും ജലസ്രോതസ് ശക്തമായി കണ്ടെത്തിയ ശേഷം അതേ പറമ്പില്‍ മറ്റൊന്നു കൂടി കുഴിക്കാന്‍ ശ്രമിച്ചതോടെ നാട്ടുകാര്‍ സ്ഥലത്തെത്തി അര്‍ദ്ധരാത്രിയിലെ കുഴല്‍ക്കിണര്‍ കുഴിക്കലിന്റെ വീഡിയോ എടുത്തു അധികൃതര്‍ക്കു പരാതി അയച്ചു 10 മിനിറ്റു തികയും മുമ്പു കുഴല്‍ക്കിണര്‍ കുഴിക്കല്‍ യന്ത്രവുമായി ലോറികള്‍ സ്ഥലം വിട്ടു.

അടുത്ത കാലത്ത് കര്‍ണ്ണാടക സ്വദേശിയായ ഒരാള്‍ ബജയില്‍ 12 ഏക്കര്‍ സ്ഥലം വിലക്കെട്ടുത്തിരുന്നു. ഈ സ്ഥലത്താണ് അര്‍ദ്ധരാത്രി കുഴല്‍ക്കിണറുകള്‍ കുഴിച്ചതെന്നു നാട്ടുകാര്‍ പറയുന്നു.

ഒരു സാധാരണക്കാരന്‍ കുടിവെള്ളത്തിനുവേണ്ടി ഒരു കുഴല്‍ക്കിണര്‍ കുഴിക്കാന്‍ ശ്രമിച്ചാല്‍ എന്തൊക്കെ പുകിലായിരിക്കുമെന്നു നാട്ടുകാര്‍ ആരായുന്നു. ജിയോളജി, റവന്യു, പൊലീസ് അധികൃതരെത്തി ആ ശ്രമം തന്നെ തകര്‍ക്കുന്ന നാട്ടില്‍ വാണിജ്യാടിസ്ഥാനത്തില്‍ കച്ചവടം ചെയ്യുന്നതിനു ഭൂഗര്‍ഭജലം ചൂഷണം ചെയ്യാന്‍ കണ്ണടച്ച് അനുമതി നല്‍കിയ അധികൃത നിലപാടിനെക്കുറിച്ച് അന്വേഷിക്കണമെന്നു നാട്ടുകാര്‍ ആവശ്യപ്പെട്ടു. നിലവില്‍ കുഴല്‍ക്കിണറും കുളവുമുള്ള സ്ഥലത്തു മുഴുവന്‍ കുഴല്‍ക്കിണര്‍ നിര്‍മ്മിക്കാന്‍ ആരാണ് അനുമതി നല്‍കിയതെന്നും അനുമതിയോടുകൂടിയാണോ, അനുമതി ഇല്ലാതെയാണോ കുഴല്‍ക്കിണര്‍ കുഴിച്ചതെന്നും അനുമതി ഇല്ലാതെയാണ് ഭൂഗര്‍ഭജല ചൂഷണത്തിനു ശ്രമിച്ചതെങ്കില്‍ എന്തു നടപടിയാണ് എടുക്കാന്‍ പോവുന്നതെന്നു ജനങ്ങളെ അറിയിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

നാടിന്റെ പൊതു സ്വത്തു കൊള്ളയടിക്കാന്‍ ജില്ലയില്‍ വ്യാപകമായി ശ്രമങ്ങള്‍ നടക്കുകയാണെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. നാരമ്പാടിയില്‍ കഴിഞ്ഞ ദിവസം ഒരേക്കര്‍ പ്രകൃതി ദത്ത പള്ളം മണ്ണിട്ടു നികത്താനാരംഭിച്ചു. മഞ്ചേശ്വരം മേഖലയില്‍ നിന്നു ധാതു മണ്ണ് ലോഡ് കണക്കിനു കടത്തുന്നു. ഇതെല്ലാം രാത്രികാലങ്ങളിലാണ്. ഇതിനു പുറമെ പൂഴിയൂറ്റലുകളും നടക്കുന്നു. അതും രാത്രിയിലാണ് സജീവമാവുന്നതെന്നു നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page