കാസര്‍കോട്: സിപിഎം പ്രവര്‍ത്തകനായിരുന്ന പൈവളിഗെ ബായാര്‍ ഗാളിയടുക്കയിലെ മുഹമ്മദ് ആസിഫ് (25) ഒന്നരവര്‍ഷം മുമ്പ് വീട്ടില്‍ നിന്നു മൂന്നു കിലോ മീറ്റര്‍ അകലെ ലോറിക്കുള്ളില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചതെങ്ങനെ?
അന്നു മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന്റെ നിര്‍ദ്ദേശമനുസരിച്ച് വിവിധ പൊലീസ് വിഭാഗങ്ങള്‍ അന്വേഷണം നടത്തുകയും പിന്നീട് അന്വേഷണം നിലക്കുകയും ചെയ്തു. നാടിനെ നടുക്കിയ ഈ സംഭവത്തില്‍ സമഗ്ര അന്വേഷണത്തിന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല കണ്ണൂര്‍ ക്രൈംബ്രാഞ്ച് മേധാവിയോട് നിര്‍ദ്ദേശിച്ചു. ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘം ഇന്നലെ ഗാളിയടുക്കയിലെത്തി മരണപ്പെട്ട മുഹമ്മദ് ആസിഫിന്റെ കുടുംബാംഗങ്ങളില്‍ നിന്നു മൊഴിയെടുത്തു.
2025 ജനുവരി 15ന് പുലര്‍ച്ചെ മൂന്നു മണിയോടെയാണ് പൈവളിഗെ കായാര്‍ക്കട്ട റോഡ് സൈഡില്‍ അസ്വാഭാവിക നിലയില്‍ നിറുത്തിയിട്ട ടിപ്പര്‍ ലോറി നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. ലോറിക്കുള്ളില്‍ അബോധാവസ്ഥയില്‍ കണ്ട മുഹമ്മദ് ആസിഫിനെ ഉടന്‍ കുമ്പള ആശുപത്രിയിലെത്തിച്ചു. ആശുപത്രി അധികൃതര്‍ മരണം സ്ഥിരീകരിച്ചു.
ആസിഫ് സംഭവത്തിന് മൂന്നുമണിക്കൂര്‍ മുമ്പാണ് വീട്ടില്‍ നിന്നു ലോറിയുമായി പുറപ്പെട്ടതെന്ന് വീട്ടുകാര്‍ അധികൃതരെ അറിയിച്ചു.

മരണത്തില്‍ ദുരൂഹത പ്രകടിപ്പിച്ച അവര്‍ സമഗ്ര അന്വേഷണത്തിനു ജില്ലാ കളക്ടര്‍ക്കും ജില്ലാ പൊലീസ് മേധാവിക്കും പരാതി കൊടുത്തു. പ്രവര്‍ത്തകന്റെ ദുരൂഹ മരണത്തെക്കുറിച്ച് അന്വേഷിച്ചു കുറ്റവാളികളെ കണ്ടെത്തണമെന്നു പാര്‍ട്ടി പ്രാദേശിക സമിതി മുഖ്യമന്ത്രിയോടും ആവശ്യപ്പെട്ടു. പല തട്ടില്‍ പല വിഭാഗങ്ങള്‍ അന്വേഷണം തുടര്‍ന്നെങ്കിലും ആശങ്ക ബാക്കി നിന്നു.
കഴിഞ്ഞ തിരഞ്ഞെടുപ്പു കാലത്തു പ്രചരണത്തിനു പൈവളികെയിലെത്തിയ ഡി സി സി ജനറല്‍ സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് അംഗവുമായ ജെ എസ് സോമശേഖര ഷേണിയെ ആസിഫിന്റെ ബന്ധുക്കളും നാട്ടുകാരും സമീപിച്ച് ആസിഫിന്റെ ദുരൂഹമരണത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ടു. തിരഞ്ഞെടുപ്പില്‍ യു ഡി എഫ് അധികാരത്തില്‍ വന്നാല്‍ സമഗ്ര അന്വേഷണം നടത്തി കൊലയാളികളെ കണ്ടെത്താന്‍ സഹായിക്കുമെന്നു സോമശേഖരന്‍ അവര്‍ക്ക് ഉറപ്പു കൊടുത്തു. അതിന്റെ അടിസ്ഥാനത്തില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെക്കണ്ടു ആസിഫിന്റെ മരണത്തെക്കുറിച്ചു സമഗ്ര അന്വേഷണമാവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് പ്രത്യേക സംഘം അന്വേഷണമാരംഭിച്ചത്.
ആസിഫിനെ അബോധാവസ്ഥയില്‍ കണ്ടെത്തിയ ലോറിയില്‍ രക്തക്കറകള്‍ കണ്ടിരുന്നു. ലോറിക്കുള്ളില്‍ മരക്കഷണവും കണ്ടെത്തിയിരുന്നു. ശരീരത്തില്‍ ആഘാതമേറ്റതിന്റെ പാടുകളുമുണ്ടായിരുന്നെന്നു ബന്ധുക്കള്‍ ചൂണ്ടിക്കാട്ടി. മര്‍ദ്ദനത്തിന്റെ ആഘാതമാണു മരണകാരണമെന്നു പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും ചൂണ്ടിക്കാട്ടിയിരുന്നുവെന്നു നാട്ടുകാര്‍ പറയുന്നു. ആസിഫിന്റെ ദുരൂഹമരണത്തെക്കുറിച്ചുള്ള ആശങ്കകള്‍ക്ക് ഇപ്പോള്‍ ഏര്‍പ്പെടുത്തിയിട്ടുള്ള അന്വേഷണത്തിലൂടെ പരിഹാരമാവുമെന്നു നാട്ടുകാര്‍ പ്രതീക്ഷിക്കുന്നു.







