കാസർകോട്: നഗരസഭാ ഓഫീസിൽ നിന്ന് വികസന പ്രവർത്തനങ്ങളുമായും കെട്ടിട നിർമാണ അനുമതികളുമായും ബന്ധപ്പെട്ട സുപ്രധാന ഫയലുകൾ കാണാതാകുന്നുവെന്ന വാർത്തകളും ആരോപണങ്ങളും അതീവ ഗൗരവത്തോടെ കാണണമെന്ന് എസ്ഡിപിഐ കാസർകോട് മുൻസിപ്പൽ കമ്മിറ്റി ആവശ്യപ്പെട്ടു.
വർഷങ്ങളായി ടെൻഡർ നടപടികൾ പൂർത്തിയായിട്ടും നടപ്പിലാകാത്ത പദ്ധതികളുടെയും കെട്ടിട നിർമാണ ചട്ടങ്ങൾ ലംഘിച്ച് അനുമതി നൽകിയെന്ന ആരോപണങ്ങളുമായി ബന്ധപ്പെട്ട ഫയലുകളും കാണാതായെന്ന വാർത്തകൾ പൊതുജനങ്ങളിൽ വലിയ ആശങ്ക സൃഷ്ടിച്ചതായി അറിയിപ്പിൽ അദ്ദേഹം പറഞ്ഞു. ഇത്തരം ഫയലുകൾ ആരുടെ കൈവശമാണ് എത്തിയതെന്നും എന്ത് ആവശ്യത്തിനാണ് ഓഫീസ് ഫയൽ പുറത്തേക്ക് കൊണ്ടുപോയതെന്നും വിശദമായ അന്വേഷണം നടത്തി വസ്തുതകൾ പുറത്തുകൊണ്ടുവരണം.
ഇതിനുപുറമെ, നഗരസഭാ ഓഫീസിൽ സാധാരണ ഓഫീസ് സമയം കഴിഞ്ഞും വൈകുന്നേരങ്ങളിലും ലൈറ്റുകൾ തെളിയുന്നതും ആളുകളുടെ സാന്നിധ്യം ഉണ്ടാകുന്നതും സംബന്ധിച്ച പരാതികളും സംശയമു യർത്തുന്നു. ഔദ്യോഗിക സമയത്തിന് ശേഷവും ഓഫീസിൽ ആരൊക്കെയാണ് എത്തുന്നത്, എന്ത് ആവശ്യത്തിനാണ് എത്തുന്നത്, ഏത് ഫയലുകളാണ് പരിശോധിക്കുകയോ കൈകാര്യം ചെയ്യുകയോ ചെയ്യുന്നത് തുടങ്ങിയ കാര്യങ്ങളും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തണം.
ഓഫീസ് സമയത്തിന് ശേഷമുള്ള പ്രവേശനങ്ങളുടെ രജിസ്റ്റർ, സി.സി.ടി.വി. ദൃശ്യങ്ങൾ, സന്ദർശക രജിസ്റ്റർ, ഫയൽ നീക്കങ്ങളുടെ രേഖകൾ എന്നിവ പരിശോധിച്ച് ആവശ്യമായ വ്യക്തത വരുത്തണം. സി.സി.ടി.വി. ദൃശ്യങ്ങൾ മായ്ച്ചുകളയപ്പെടുകയോ നഷ്ടപ്പെടുകയോ ചെയ്യുന്നതിന് മുമ്പ് അവ സുരക്ഷിതമായി അവ ശേഖരിക്കാനും ബന്ധപ്പെട്ട രേഖകൾ സംരക്ഷിക്കാനും അടിയന്തര നടപടി സ്വീകരിക്കണം.
ഈ വിഷയത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പ് ഡയറക്ടറും ജോയിന്റ് ഡയറക്ടറും നടത്തുന്ന അന്വേഷണം സമഗ്രവും സുതാര്യവുമാകണം. ഫയലുകൾ കാണാതായിട്ടുണ്ടെങ്കിൽ അതിന് ഉത്തരവാദികളായ ജീവനക്കാരോ, പുറത്തുനിന്നുള്ള വ്യക്തികളോ, ആരായാലും നിയമാനുസൃത നടപടി സ്വീകരിക്കണം. കരാറുകാരുടെയോ മറ്റേതെങ്കിലും ബാഹ്യശക്തികളുടെയോ ഇടപെടലുണ്ടോ എന്നതും തെളിവുകളുടെ അടിസ്ഥാനത്തിൽ പരിശോധിക്കണം.
നഗരസഭാ ഭരണത്തിലെ സുതാര്യതയും പൊതുജനങ്ങളുടെ നികുതിപ്പണത്തിന്റെ. സുരക്ഷയും ഉറപ്പാക്കേണ്ടത് ബന്ധപ്പെട്ട അധികാരികളുടെ ഉത്തരവാദിത്തമാണ്. ആരോപണങ്ങളുടെ യാഥാർഥ്യം പുറത്തുകൊണ്ടുവരാനും നഗരസഭാ ഓഫീസിന്റെ പ്രവർത്തനങ്ങളിൽ ജനവിശ്വാസം ഉറപ്പാക്കാനും അടിയന്തരവും നിഷ്പക്ഷവുമായ അന്വേഷണം വേണമെന്നും എസ്ഡിപിഐ കാസർകോട് മുൻസിപ്പൽ കമ്മിറ്റി പ്രസിഡന്റ് ഫൈസൽ കോളിയടുക്കം, സെക്രട്ടറി നൗഷാദ് എന്നിവർ ആവശ്യപ്പെട്ടു.







