കാക്കയ്ക്കും തന്‍ കുഞ്ഞ് പൊന്‍കുഞ്ഞ്- പൊന്നോമനക്കുഞ്ഞ്. കൊച്ചിയിലെ അഡീഷണല്‍ ജില്ലാ ജഡ്ജിക്കും ഇതേ നിലപാടാണ്.
നാട്ടില്‍ പ്രാബല്യത്തിലുള്ള നിയമം എന്തു തന്നെ ആയാലും ന്യായാധിപന്മാരുടെ സ്വന്തക്കാര്‍ക്കെതിരായ പരാതി പരിഗണനയ്‌ക്കെത്തിയാല്‍ അത് ബാധകമല്ല എന്ന് വിചാരിക്കുന്ന ചില ന്യായാധിപന്മാരുണ്ടത്രേ. നിയമം കറുപ്പ് ഗൗണിന്റെ പോക്കറ്റില്‍. ഈ നിലപാട് കാരനാണോ കൊച്ചിയിലെ അഡീഷണല്‍ ജില്ലാ ജഡ്ജി?
പതിനേഴ് വയസ്സുള്ളവര്‍ കാര്‍ ഓടിക്കുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കണമെങ്കില്‍ പതിനെട്ട് വയസ്സ് പൂര്‍ത്തിയാകണം. ഈ നിയമ പ്രകാരം പ്രവര്‍ത്തിക്കേണ്ട ന്യായാധിപന്‍, തന്റെ മകന്‍ -പ്രായം 17വയസ്സ്- ആഡംബര കാര്‍ ഓടിച്ച്- അതും അതിവേഗത്തില്‍- പോകുമ്പോള്‍ സ്‌കൂട്ടര്‍ യാത്രക്കാരനെ തട്ടിയിട്ടു. അയാള്‍ തല്‍ക്ഷണം മരണപ്പെട്ടു. പരിസരവാസികള്‍ സ്ഥലത്തെത്തി. പിന്നാലെ പൊലീസും. അഡീഷണല്‍ ജില്ലാ ജഡ്ജിയുടെ മകനായിരുന്നു കാര്‍ ഓടിച്ചിരുന്നത്. ആളെ മനസ്സിലായപ്പോള്‍ പൊലീസ് കസ്റ്റഡിയിലെടുത്ത പതിനേഴ്കാരനെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.
ആളുകള്‍ പ്രതിഷേധിച്ചു. പൊലീസിന്റെ തെറ്റായ നടപടിയെ ചോദ്യം ചെയ്തു. ജഡ്ജിയും മകനോടൊപ്പം വാഹനത്തില്‍ ഉണ്ടായിരുന്നോ? അദ്ദേഹം പൊലീസ് സ്റ്റേഷനില്‍ പോയി. പൊലീസ് പിടിച്ചെടുത്ത, മകന്റെ ഫോണ്‍ വാങ്ങി അതില്‍ രേഖപ്പെടുത്തിയിട്ടുണ്ടായിരുന്ന വിവരങ്ങള്‍- (വാഹനത്തിന്റെ വേഗത സംബന്ധിച്ചിട്ടുള്ളത്)- നശിപ്പിച്ചു പോലും. തന്റെ മകനല്ല വാഹനം ഓടിച്ച് അപകടമുണ്ടാക്കിയത്, മറ്റൊരോ ആണ്. തന്റെ ആഡംബരക്കാര്‍ മോഷ്ടിച്ചു കൊണ്ടുപോയതാണ് എന്ന് പറയാതിരുന്നത് നന്നായി. സ്വന്തക്കാരെ രക്ഷിക്കാന്‍ എന്തും പറയുന്ന വിരുതന്മാരുണ്ടല്ലോ. അഡീഷണല്‍ ജഡ്ജിന് അങ്ങനെ തോന്നിയില്ല.
ദുരന്തത്തിനിരയായ ജയബാലകൃഷ്ണന്റെ ഭാര്യയും മക്കളും ബന്ധുക്കളും പരിസരവാസികളും പൊലീസ് സ്റ്റേഷനില്‍ തടിച്ചുകൂടി. മാധ്യമ പ്രവര്‍ത്തകരും എത്തി. വാര്‍ത്തയായി. എറണാകുളം ജുവനൈല്‍ ജസ്റ്റീസ് ബോര്‍ഡ് മുമ്പാകെ, (പ്രായപൂര്‍ത്തിയാകാത്തവരുടെ കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്ന സംവിധാനം) ഹാജരാക്കി.
അശ്രദ്ധമായ പ്രവൃത്തിമൂലം ഉണ്ടായ മരണത്തിന് കാരണക്കാരന്‍ എന്ന വകുപ്പ് ചുമത്തിയാണ്് ആദ്യം കേസെടുത്തത്. പ്രതിഷേധം കനത്തതോടെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഇടപെട്ടു. പൊലീസുകാരെ ശാസിച്ചു. (ജഡ്ജിക്കെതിരെ ഒന്നും പറയാന്‍ പാടില്ലല്ലോ; കോടതി അലക്ഷ്യമാകും. ജഡ്ജിക്ക് അവ മതിപ്പുണ്ടാക്കി എന്ന് ആരോപിച്ച് കേസെടുക്കും. വാദി പ്രതിയാകും) കൊലപാതകത്തിന് തുല്യമായ കുറ്റകൃത്യം എന്ന വകുപ്പ് ചുമത്തി കേസെടുത്തു. കുട്ടികള്‍ വാഹന മോടിച്ചാല്‍ അപടകം സംഭവിച്ചില്ലെങ്കിലും, കേസെടുക്കണം. കുട്ടിയുടെ പേരിലല്ല, ആ വാഹനത്തിന്റെ നിയമപ്രകാരമുള്ള ഉടമസ്ഥന്റെ പേരില്‍. ഇവിടെ, അഡീഷണല്‍ ജില്ലാ ജഡ്ജിയാണ് ആഡംബരക്കാറിന്റെ ഉടമസ്ഥന്‍. അദ്ദേഹത്തിന്റെ പേരിലാണ് കേസെടുക്കേണ്ടത്. കേസെടുക്കുകയും ആരോപണം ശരിയാണ് എന്ന് തെളിയുകയും ചെയ്താല്‍ നിയമപ്രകാരമുള്ള ശിക്ഷ വിധിക്കുമോ? ആഡംബരക്കാര്‍ ഓടിച്ചത് ആരെങ്കിലുമാവട്ടെ, ജയബാലകൃഷ്ണനെ തട്ടിമറിച്ചിട്ട് മരണത്തിനിടയാക്കിയ വാഹനത്തിന്റെ ലൈസന്‍സി അഡീഷണല്‍ ജഡ്ജി ആണല്ലോ. അക്കാര്യം ഇതുവരെ അദ്ദേഹം നിഷേധിച്ചിട്ടില്ല. വാഹനം തന്റേതല്ല, അത് ഓടിച്ച പതിനേഴ് വയസ്സുകാരന്‍ തന്റെ മകനല്ല എന്ന് പറഞ്ഞിട്ടില്ല. വിചാരണയ്ക്കിടയില്‍ പിതൃത്വം നിഷേധിക്കുകയാണെങ്കില്‍ നിജസ്ഥിതി മനസ്സിലാക്കാന്‍ വേണ്ടി ഡി എന്‍ എ പരിശോധന നടത്തേണ്ടിവരും.
മകന്‍ കാറുമായി പോയത് തങ്ങള്‍ അറിഞ്ഞിരുന്നില്ല എന്നാണത്രേ മാതാപിതാക്കള്‍ പൊലീസിനോട് പറഞ്ഞത്. ജയബാലകൃഷ്ണന്റെ ബന്ധുക്കള്‍ ഇടപെട്ടപ്പോള്‍ യുവര്‍ ഓണര്‍ രോഷാകുലനായി ആക്രോശിച്ചു പോലും. ആരോടാണ് സംസാരിക്കുന്നത്? ഞാന്‍ ജഡ്ജിയാണ്. ജഡ്ജിയെ ചോദ്യം ചെയ്യാന്‍ നിങ്ങള്‍ക്കെന്ത് അധികാരം? ഇങ്ങോട്ട് ആരും വരേണ്ടാ എന്ന്!
പ്രായപൂര്‍ത്തിയാകാത്തവര്‍ വാഹനമോടിച്ച് തട്ടിയിട്ട് മൂന്നു പേര്‍ അടുത്ത കാലത്ത് മരണപ്പെട്ടത് കൊച്ചിയിലാണ്. നമ്മുടെ ജില്ലയിലും ‘കുട്ടിക്കളി കുറവല്ല’. ശിക്ഷ കൂട്ടിയത് കൊണ്ട് ഫലമുണ്ടാകുമോ? ശിക്ഷ രക്ഷാകര്‍ത്താക്കള്‍ക്കല്ലേ? അവരായിരിക്കുമല്ലോ വാഹനത്തിന്റെ ലൈസന്‍സികള്‍.
‘വല്ലാത്ത ബാലപ്രഭവത്തിനേക്കാള്‍
ഇല്ലാത്ത ബാലപ്രഭവം ഗുണം’ താന്തോന്നികളായ മക്കള്‍ പിറക്കാതിരിക്കുന്നതാണ് നല്ലത് എന്ന്.
കൊച്ചിയില്‍ ആരോപണ വിധേയനായ അഡീഷണല്‍ ജഡ്ജിയെ പുറത്താക്കണം എന്ന് ജയബാലകൃഷ്ണന്റെ ബന്ധുക്കള്‍. ജഡ്ജിയെ സര്‍വ്വീസില്‍ നിന്ന് പുറത്താക്കാന്‍ നിയമമുണ്ടോ? നടപടിക്രമങ്ങള്‍- ഇംപിച്ച്‌മെന്റ്- വളരെ സങ്കീര്‍ണ്ണമാണ്. ആരെയെങ്കിലും ഇംപീച്ച് ചെയ്തിട്ടുണ്ടോ ഇതേവരെ?
കൊച്ചിയിലെ അഡീഷണല്‍ ജഡ്ജിയെ പുറത്താക്കണം എന്ന് ആവശ്യപ്പെടുന്നവരും വേണ്ടത് ചെയ്യും എന്ന് ഉറപ്പു നല്‍കുന്ന ആഭ്യന്തര മന്ത്രിയും ആദ്യം ആവശ്യപ്പെടേണ്ടത് തെറ്റ് ചെയ്ത ന്യായാധിപന്മാരെ പുറത്താക്കാനുള്ള നിയമം ഉണ്ടാക്കണം എന്നാണ്. കുറ്റം ചെയ്തത് ആരായാലും അയാളെ ശിക്ഷിക്കണം. ഉന്നത പദവിയിലിരിക്കുന്ന വ്യക്തി ആണെങ്കില്‍ കടുത്ത ശിക്ഷ. ആജീവനാന്തം കഠിന തടവും സ്വത്തുവകകള്‍ കണ്ടുകെട്ടലും. ആ ജീവനാന്തം എന്നാല്‍ മരണ പര്യന്തം; പരോളില്ലാതെ. നിലവിലുള്ള നിയമത്തില്‍ പറയുന്നത് പോലെ പതിനാലോ, പതിനെട്ടോ കൊല്ലമല്ല ജയിലില്‍ കഴിയേണ്ടത്.
കുറ്റാരോപിതന്റെ പദവിയല്ല, കുറ്റത്തിന്റെ ഗുരുലഘുത്വമാണ് ശിക്ഷ വിധിക്കുമ്പോള്‍ മാനദണ്ഡമാക്കേണ്ടത്. മുഖം നോക്കാതെ ശിക്ഷ എന്ന് പറഞ്ഞാല്‍പ്പോരാ, ആ തത്ത്വം അക്ഷരാര്‍ത്ഥത്തില്‍ പ്രാവര്‍ത്തികമാക്കണം.
ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ ആവശ്യപ്പെടണം., അഡീഷണല്‍ ജഡ്ജിയെ പുറത്താക്കാന്‍; ശിക്ഷിക്കാന്‍. നമ്മുടെ ജുഡീഷ്യറിക്കു തന്നെ അവ മതിപ്പുണ്ടാക്കിയില്ലേ?
'ഒരുത്തന്‍ പാപകര്‍മ്മം ചെയ്തീടിലതില്‍ ഫലം
പരക്കെയുള്ള മഹാജനങ്ങള്‍ക്കൊക്കെത്തട്ടും'മരണപ്പെട്ടയാളുടെ ബന്ധുക്കളോട് മോശമായി പെരുമാറിയിട്ടില്ല, തന്റെ മകന്റെ (അവന്‍ മൈനറാണ്). ഫോട്ടോ എടുക്കുന്നത് നിയമ വിരുദ്ധമാണ് എന്ന് ചൂണ്ടിക്കാട്ടിയതാണ് എന്ന് അദ്ദേഹം വിശദീകരിക്കുകയുണ്ടായി. തെറ്റ് ചെയ്ത മകനെ തിരിച്ചറിയാന്‍ പാടില്ല, അവന്‍ കുട്ടിയാണ്. അവന് അവമതിയുണ്ടാകാന്‍ പാടില്ല എന്ന്.
ആ ജഡ്ജിയുടെ പേരും പടവും പ്രസിദ്ധീകരിക്കാന്‍ തന്റേടം കാണിച്ചത് ജനയുഗം, മാധ്യമം, ദേശാഭിമാനി എന്നീ പത്രങ്ങള്‍ മാത്രമാണ്. (29-10-2026) പേര്: റെനോഫ്രാന്‍സിസ് സേവ്യര്‍. കുറ്റവാളിക്ക് മറ പിടിക്കുന്ന മാധ്യമ മര്യാദ മറ്റു പത്രങ്ങള്‍ക്ക്!
‘പുകയും കൊള്ളി പുറത്ത് എവിടെയായാലും’.








