കുമ്പള: കുമ്പള- മഞ്ചേശ്വരം മേഖലകളില്‍ നിന്നു അമൂല്യ ധാതുക്കളടങ്ങിയതും അല്ലാത്തതുമായ മണ്ണും ചെങ്കല്ലും വ്യാപകമായി കടത്തുന്നതിനെതിരെ നടപടിയെടുക്കണമെന്ന് അധികൃതര്‍ക്കു പരാതി കൊടുത്ത യൂത്ത് ലീഗ് പ്രവര്‍ത്തകരെക്കൊണ്ടു പരാതി പിന്‍വലിപ്പിച്ചതു ജനപ്രതിനിധിയും ലീഗു നേതാവുമായ ഒരാളാണെന്നു പൊതു പ്രവര്‍ത്തകന്‍ കേശവനായിക് പത്രസമ്മേളനത്തില്‍ ചൂണ്ടിക്കാണിച്ചു. ആ നേതാവാരാണെന്നു യൂത്ത് ലീഗ് ഭാരവാഹികള്‍ പറയട്ടെ എന്ന് അദ്ദേഹം പറഞ്ഞു.
അഴിമതി നടത്തുകയും അഴിമതിക്കാരെ സംരക്ഷിക്കുകയുമാണ് മുസ്ലീംലീഗിന്റെയും യൂത്ത് ലീഗിന്റെയും പ്രഖ്യാപിത നയമെന്നും ആത്യന്തിക ലക്ഷ്യമെന്നും അണികളെക്കൊണ്ടു പറയിപ്പിക്കാനുള്ള സാഹചര്യം യൂത്ത് ലീഗ് ഉണ്ടാക്കില്ലെന്നാണ് തന്റെ പ്രതീക്ഷയെന്നു നായിക്ക് പറഞ്ഞു. നേതാവിനെ യൂത്ത് ലീഗുകാര്‍ വെളിപ്പെടുത്തിയില്ലെങ്കില്‍ അഴിമതി ആരോപണം ഉന്നയിച്ചു അഴിമതിക്കാരെ ഭീഷണിപ്പെടുത്തുകയും പിന്നീട് അവരില്‍ നിന്നു നക്കാപ്പിച്ച അഴിമതിപ്പണമായി വാങ്ങി പ്രശ്‌നം ഒതുക്കിത്തീര്‍ക്കാനുമാണ് യൂത്ത് ലീഗെന്നു ജനങ്ങള്‍ കരുതുമെന്ന് അദ്ദേഹം മുന്നറിയിച്ചു.
യൂത്ത് ലീഗുകാര്‍ ജില്ലാധികൃതര്‍ക്കു നല്‍കിയ പരാതിയില്‍ നടപടി വരാറായപ്പോഴാണ് ജനപ്രതിനിധിയായ ലീഗ് നേതാവ് യൂത്ത് ലീഗുകാരെ ബന്ധപ്പെട്ടു കേസ് പിന്‍വലിക്കാന്‍ ആഹ്വാനം ചെയ്തതെന്നു നാട്ടുകാര്‍ പറഞ്ഞു ചിരിക്കുന്നു. അതു ശരിയാണെങ്കില്‍ ആ നേതാവാരാണെന്നു യൂത്ത് ലീഗുകാര്‍ നാട്ടുകാരോടു പറയണം. തെറ്റാണെങ്കില്‍ അതും നാട്ടുകാരെ അറിയിക്കാമല്ലോ. അല്ലെങ്കില്‍ കൊള്ള സംഘത്തിനുവേണ്ടിയാണ് ചില പാര്‍ട്ടികളെന്നു നാട്ടുകാര്‍ സംശയിക്കുമെന്നു നായിക് സൂചിപ്പിച്ചു.
വിലയേറിയ ധാതുമണ്ണും ചെങ്കല്ലും വ്യാപകമായി കൊള്ളയടിക്കുന്നതിനെക്കുറിച്ചു സര്‍ക്കാരുകള്‍ക്കും മന്ത്രിമാര്‍ക്കും എം പിക്കും എം എല്‍ എമാര്‍ക്കും വിവിധ വകുപ്പുമേധാവികള്‍ക്കും താന്‍ പരാതി നല്‍കിയില്ലെങ്കിലും ഒരു നടപടിയുമുണ്ടായിട്ടില്ല. പൊലീസ്- റവന്യൂ- മൈനിംഗ് ജിയോളജി വകുപ്പുകളുടെ ഇടപെടല്‍ കാര്യക്ഷമമല്ല. മാത്രമല്ല, പരാതിക്കാരുടെ പേരുകള്‍ കൊള്ള സംഘത്തലവന്മാര്‍ക്കു ഇക്കൂട്ടര്‍ ചോര്‍ത്തിക്കൊടുക്കുകയും ചെയ്യുന്നു.
ജില്ലാ ഭരണകൂടം ഊര്‍ജ്ജിതവും നിക്ഷപക്ഷവുമായ അന്വേഷണം നടത്തി കുറ്റവാളികള്‍ക്കെതിരെ മാതൃകാപരമായ നടപടിയെടുത്തില്ലെങ്കില്‍ രാജ്യത്തെ പൊതു മുതല്‍ സംരക്ഷിക്കാന്‍ സുപ്രീംകോടതി വരെ നിയമ പോരാട്ടത്തിനു താന്‍ നിര്‍ബന്ധിതനാവുമെന്നു നായ്ക് മുന്നറിയിച്ചു.







