കോഴിക്കോട്: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. ഗള്‍ഫില്‍ നിന്നു 823 ഗ്രാം സ്വര്‍ണം കടത്തിക്കൊണ്ടു വന്ന യുവതിയും ഏറ്റുവാങ്ങാന്‍ എത്തിയ യുവാവും ഇവരില്‍ നിന്നു സ്വര്‍ണം തട്ടിയെടുക്കാനെത്തിയ രണ്ടുപേരുമാണ് പിടിയിലായത്.
ഇന്ന് (തിങ്കള്‍) പുലര്‍ച്ചെയാണ് സ്വര്‍ണവേട്ട നടന്നത്. ബഹ്റൈനില്‍ നിന്ന് ഷാര്‍ജ വഴി കരിപ്പൂരിലെത്തിയ വിമാനത്തിലെ യാത്രക്കാരിയായ ഇടുക്കി സ്വദേശിനി അഭിരാമിയാണ് ആദ്യം പിടിയിലായത്. കസ്റ്റംസിന്റെ കണ്ണുവെട്ടിച്ച് വിമാനത്താവളത്തിന് പുറത്ത് കടന്ന യുവതിയില്‍ നിന്ന് 823 ഗ്രാം സ്വര്‍ണം കണ്ടെടുത്തു. പ്രസ്തുത സ്വര്‍ണം ഏറ്റുവാങ്ങാനായി പുറത്ത് കാത്തു നിന്നിരുന്ന മൂവാറ്റുപുഴ സ്വദേശി ഹര്‍ഷനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളില്‍ നിന്ന് സ്വര്‍ണം തട്ടിയെടുക്കാന്‍ എത്തിയവരാണ് പിടിയിലായ മറ്റു രണ്ടു പേര്. ഗള്‍ഫില്‍ നിന്നു കടത്തിക്കൊണ്ടു വന്ന സ്വര്‍ണം തട്ടിയെടുക്കാന്‍ ഒരു സംഘം എത്തുമെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പൊലീസ് വിമാനത്താവള പരിസരത്ത് നിലയുറപ്പിച്ചിരുന്നത്. പിടിയിലായവരെ ചോദ്യം ചെയ്തു വരുന്നു. കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല.








