ജെറുസലേം: തിരഞ്ഞെടുപ്പിനു ശേഷമുള്ള ഇസ്രയേല്‍ രാഷ്ട്രീയ പ്രതിസന്ധിക്കിടയില്‍ ഐസന്‍കോട്ടിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ സഖ്യവുമായി ബഞ്ചമിന്‍ നെതന്യാഹു ധാരണക്കു തയ്യാറായിട്ടുണ്ടെന്നു റിപ്പോര്‍ട്ട്.
യാഷര്‍ പാര്‍ട്ടി നേതാവ് ഗാഡി ഐസന്‍ കോട്ടുമായിച്ചേര്‍ന്നു സഖ്യ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള സാധ്യത തള്ളിക്കളഞ്ഞിട്ടില്ലെങ്കിലും നെതന്യാഹു ഐക്യ സര്‍ക്കാരിനുള്ള പദ്ധതികള്‍ പരസ്യമായി നിഷേധിച്ചതായി ഇസ്രായേല്‍ മാധ്യമമായ ഐ 24 ന്യൂസ് റിപ്പോര്‍ട്ടു ചെയ്തു.
അതേസമയം പ്രധാനമന്ത്രി നെതന്യാഹു മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ടു തന്റെ നിലപാടു വ്യക്തമാക്കിട്ടുണ്ടെന്നും യാഷര്‍ പാര്‍ട്ടി ഈ നിലപാടുകള്‍ പരിശോധിക്കുന്നുണ്ടെന്നും നെതന്യാഹുവിന്റെ ലിക്കുഡ് പാര്‍ട്ടി കേന്ദ്രങ്ങള്‍ വെളിപ്പെടുത്തി. ഒക്ടോബര്‍ 27നു നടന്ന ഇസ്രായേല്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനെത്തുടര്‍ന്നു രാഷ്ട്രീയ അനിശ്ചിതത്വം ഉടലെടുത്ത സാഹചര്യത്തിലാണ് ഇസ്രായേലിലെ പ്രധാന രാഷ്ട്രീയ എതിരാളികളായ ലിക്കുഡ് പാര്‍ട്ടിയും യാഷര്‍ പാര്‍ട്ടിയും സഖ്യത്തിനു സാധ്യത തെളിഞ്ഞിട്ടുള്ളതെന്നു രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു.
120 അംഗ പാര്‍ലമെന്റില്‍ ഈ പാര്‍ട്ടികള്‍ക്കു ഭൂരിപക്ഷം ലഭിക്കാതെ വരുകയും ചരിത്രത്തിലാദ്യമായി അറബ് പാര്‍ട്ടികള്‍ ഇസ്രായേല്‍ പാര്‍ലമെന്റില്‍ 19 സീറ്റ് നേടുകയും ചെയ്തതോടെ നെതന്യാഹുവിന്റെ പാര്‍ട്ടിക്ക് 53 സീറ്റുകൊണ്ടു തൃപ്തിപ്പെടേണ്ടിവന്നു. ഐസന്‍കോട്ട് സഖ്യത്തിനു 48 സീറ്റു കിട്ടിയെങ്കിലും ഭൂരിപക്ഷത്തിനു 13 സീറ്റുകൂടി വേണമെന്ന സ്ഥിതി വന്നു.
അതേസമയം 19 സീറ്റുള്ള അറബ് പാര്‍ട്ടികള്‍ ഐസന്‍കോട്ടിനെ പിന്തുണക്കാമെന്നും അതേസമയം തങ്ങള്‍ക്കു മന്ത്രിസഭയില്‍ പ്രധാന വകുപ്പുകള്‍ നല്‍കണമെന്നും ആവശ്യമുന്നയിച്ചു. എന്നാല്‍ മന്ത്രിസഭയില്‍ ചേര്‍ക്കില്ലെന്നും പുറത്തു നിന്നു പിന്തുണച്ചാല്‍ മതിയെന്നും ഐസന്‍കോട്ട് പ്രതികരിച്ചത്. യാഷര്‍- അറബ് പാര്‍ട്ടികളുടെ കൂട്ടുകെട്ടു നീക്കം അനിശ്ചിതത്വത്തിലാക്കി. ഇതോടെയാണ് നെതന്യാഹുവും ഐസന്‍കോട്ടും സഖ്യ നീക്കം ആരംഭിച്ചിട്ടുള്ളതെന്നാണ് സൂചന. പരസ്പരം ശത്രുത ഉണ്ടെങ്കിലും ഇവരുടെ പാര്‍ട്ടികള്‍ രണ്ടും എന്നും അറബ് പാര്‍ട്ടി വിരുദ്ധ നിലപാടില്‍ ഒറ്റക്കെട്ടായിരുന്നു.








