ചെന്നൈ: 12കാരിയായ മകള്‍ക്ക് മൊബൈല്‍ ഫോണ്‍ വാങ്ങിക്കൊടുത്ത 21കാരനെ പിതാവ് വീട്ടില്‍ കയറി കുത്തിക്കൊലപ്പെടുത്തി. പെരമ്പള്ളൂര്‍, വെണ്ടപൂരിലാണ് സംഭവം. അഭിമന്യു (21) എന്ന രണ്ടാം വർഷ എം.സി.എ വിദ്യാർത്ഥിയാണ് അതിദാരുണമായികൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം ഒളിവില്‍ പോയ പ്രതിയെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. മുന്‍ പഞ്ചായത്ത് പ്രസിഡണ്ടായ പ്രതി ഡിഎംകെയുടെ പ്രാദേശിക നേതാവാണ്.
ഇന്നലെ (ഞായര്‍) രാത്രിയിലാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. അഭിമന്യവും 12 വയസ്സുള്ള പെണ്‍കുട്ടിയും പ്രണയത്തിലായിരുന്നുവെന്നു പറയുന്നു. ഇതിനിടയില്‍ യുവാവ് പെണ്‍കുട്ടിക്ക് മൊബൈല്‍ ഫോണ്‍ വാങ്ങി നല്കിയത്രെ. രാത്രി വൈകുവോളം പെണ്‍കുട്ടി ഫോണ്‍ വഴി അഭിമന്യുവുമായി ആശയവിനിമയം നടത്തിയിരുന്നു. ഇത് കണ്ടുപിടിച്ച പെണ്‍കുട്ടിയുടെ പിതാവ് അഭിമന്യുവിന്റെ വീട്ടിലെത്തി ബഹളം വയ്ക്കുകയായിരുന്നു. ഇതിനിടയില്‍ ഇരുമ്പു വടി കൊണ്ട് അടിക്കുകയും കയ്യില്‍ കരുതിയിരുന്ന കത്തി കൊണ്ട് അഭിമന്യുവിന്റെ നെഞ്ചില്‍ കുത്തുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഗുരുതരമായി കുത്തേറ്റ അഭിമന്യു സംഭവ സ്ഥലത്ത് തന്നെ മരണപ്പെട്ടു.








